റാബീസ് വന്നിട്ടും രക്ഷപ്പെട്ട ലോകത്തിലെ ഒരേയൊരാള്‍ ! കോമയിലാക്കി അവളെ രക്ഷിച്ചെടുത്ത അസാധാരണ ചികില്‍സ..

ലക്ഷണങ്ങൾ പ്രകടിപ്പിച്ചു കഴിഞ്ഞാൽ മരണമല്ലാതെ മറ്റൊരു മാർഗ്ഗമില്ലെന്ന് പറയുന്ന ലോകത്തിലെ ഏക രോഗമായ പേവിഷബാധയിൽ നിന്ന് രക്ഷപ്പെട്ട ഒരാൾ ഇന്നും ഭൂമിയിലുണ്ട്. റാബീസ് ബാധിച്ച് ഇന്നേക്ക് വരെ ലോകത്ത് രക്ഷപ്പെട്ട ഏക വ്യക്തി ഒരു സ്ത്രീയാണ്. വിസ്കോൺസിനിൽ നിന്നുള്ള ജീന്ന ഗീസെ-ഫ്രാസെറ്റോ ആണ് അവർ. 2004 ൽ യുഎസിലെ വിസ്കോൺസിനിലെ ഫോണ്ട് ഡു ലാക്കിലുള്ള തന്റെ പള്ളിയിൽ വച്ച് 15 വയസുകാരിയായ ജീന്നയ്ക്ക് താൻ രക്ഷപ്പെടുത്തിയ ഒരു വവ്വാലിൽ നിന്നു തന്നെ കടിയേൽക്കുകയായിരുന്നു. ഇടതു കൈയിലെ ചൂണ്ടു വിരലിലെ മുറിവ് കാണാൻ പോലും പറ്റാത്ത തരത്തിൽ ചെറുതായിരുന്നു. മാത്രമല്ല രക്തവും വരുന്നിലായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ അവൾ അതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കുകയോ വൈദ്യസഹായം തേടുകയോ ചെയ്തില്ല. എന്നാൽ മൂന്നാഴ്ച കഴിഞ്ഞപ്പോൾ ജീന്ന വളരെ ക്ഷീണിതയാവുകയും കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയാതെ വരികയും ചെയ്തു. മാത്രമല്ല, ഛർദ്ദിക്കുകയും കാഴ്ച രണ്ടായി കാണാൻ തുടങ്ങുകയും ചെയ്തു. നാഡീസംബന്ധമായ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതോടെ ഡോക്ടർമാർ അവൾക്ക് റാബിസ് ഉണ്ടെന്ന് സ്ഥിരീകരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

100 ശതമാനം മരണനിരക്കുള്ള റാബിസ് ആണ് ജീന്നയ്ക്ക് ഉള്ളതെന്നാണ് ഡോക്ടർമാർ സ്ഥിരീകരിച്ചത്. വാക്സിൻ നൽകാനുള്ള 72 മണിക്കൂർ സമയം കഴിഞ്ഞതിനാൽ ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ എന്ന് ഡോക്ടർമാർ ഉറപ്പിച്ചു പറഞ്ഞു. എന്നാൽ അവരിൽ ഒരാളായ 77 വയസുകാരനായ ഡോക്ടർ റോഡ്‌നെ വില്ലോബി ജീന്നയുടെ ജീവൻ രക്ഷിക്കാൻ മെഡിക്കൽ ലോകത്ത് ഇന്നുവരെ പരീക്ഷിക്കാത്ത ഒരു പരീക്ഷണം നടത്തി. തലച്ചോറിനെ സംരക്ഷിക്കുന്നതിനും അണുബാധയെ ചെറുക്കാൻ രോഗപ്രതിരോധ സംവിധാനത്തിന് സമയം നൽകുന്നതിനുമായി, കോമയിലാക്കുന്ന മരുന്നുകൾ ഉൾപ്പെടുന്ന ഒരു പരീക്ഷണാത്മക ചികിത്സയായ ‘മിൽവാക്കി പ്രോട്ടോക്കോൾ’ ഉപയോഗിച്ച് ഡോക്ടർമാർ ജീന്നയിൽ ചികിത്സ ആരംഭിച്ചു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി രണ്ട് ആന്റി-വൈറൽ മരുന്നുകളും നാഡീവ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി രണ്ട് അനസ്തെറ്റിക്സും അടങ്ങിയ ഒരു കോക്ടെയ്ൽ ഡോക്ടർമാർ അവൾക്ക് നൽകി. തുടർന്ന് വൈറസ് അതിന്റെ ഗതിയിൽ പ്രവർത്തിക്കുന്നതുവരെ കാത്തിരുന്നു. രോഗിയെ കോമയിലാക്കി അത്രത്തോളം റിസ്ക് എടുത്ത നൂതനമായ ഈ സമീപനം മുമ്പ് ഒരിക്കലും പരീക്ഷിച്ചിട്ടില്ലായിരുന്നു. എന്നാൽ ഭാഗ്യവശാൽ അത് വിജയിച്ചു. ഇത് ജീന്നയുടെ രോഗപ്രതിരോധ സംവിധാനത്തെ വൈറസിനെതിരെ പോരാടാൻ സഹായിച്ചു. 2 ആഴ്ചയോളം കോമയിൽ കിടന്നതിന് ശേഷം പതിയെ ജീന്ന ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചു. ഒടുവിൽ 75 ദിവസത്തെ ചികിത്സയ്ക്ക് ശേഷം വൈറസിൽ നിന്ന് മുക്തയായി ജീന്ന ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടു.

റാബിസ് ബാധിച്ചു കഴിഞ്ഞാൽ മരണം വരെ അവരെ ആശ്വസിപ്പിച്ച് നിലനിർത്തുക എന്നതല്ലാതെ മറ്റൊരു വഴിയില്ലെന്ന് വില്ലോബിക്ക് അറിയാമായിരുന്നു. എന്നാൽ തന്റെ രോഗി തീവ്രപരിചരണ വിഭാഗത്തിലായതിനാൽ സാധ്യമായ ചികിത്സകൾ നടത്താനുള്ള ശ്രമങ്ങൾ അദ്ദേഹം തുടങ്ങി. റാബിസിനെ എങ്ങനെ ചികിത്സിക്കണം എന്നതിനെക്കുറിച്ച് മെഡിക്കൽ രംഗത്ത് നിന്നും അദ്ദേഹത്തിന് വളരെ കുറച്ച് മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളൂ. കാരണം റാബിസിൽ നിന്നും ആരും അന്നുവരെ രക്ഷപ്പെട്ടിരുന്നില്ല. പുതിയ ഗവേഷണ കണ്ടെത്തലുകളോ ചികിത്സകളോ ചർച്ചയിലുണ്ടോ എന്ന് അദ്ദേഹം തിരക്കുകയും ഒന്നുമില്ലെന്ന് മനസ്സിലാക്കുകയും ചെയ്തു. എന്നാൽ റാബിസ് ആളുകളെ എങ്ങനെ ഇല്ലാതാക്കി എന്നതിനെക്കുറിച്ചുള്ള കേസ് റിപ്പോർട്ടുകൾ പരിശോധിച്ചതിൽ നിന്ന് റാബിസ് ബാധിച്ചയാളുടെ തലച്ചോറ് മരണശേഷം നശിച്ചതായി കാണപെടുന്നില്ലെന്നും മരണത്തിന് മുമ്പ് ശ്വസിക്കാനും രക്തസമ്മർദ്ദം നിലനിർത്താനും റാബിസ് ബാധിച്ചയാൾക്ക് പുറത്തുനിന്നും ജീവൻ രക്ഷ സഹായം കിട്ടുകയാണെങ്കിൽ വൈറസ് നാഡീവ്യൂഹത്തെ ഭീകരമായി ആക്രമിക്കുന്ന സമയത്ത് തലച്ചോർ പ്രവർത്തനരഹിതമാണെങ്കിൽ ആ പ്രത്യേക സാഹചര്യത്തിന് ശേഷം ശരീരം വൈറസ് രഹിതമായിരിക്കുന്നതായി അദ്ദേഹം ഈ ചികിത്സയിലൂടെ കണ്ടെത്തി. ഇതാണ് അദ്ദേഹം ജീന്നയിൽ പരീക്ഷിച്ചത്.

‘കേന്ദ്ര നാഡീവ്യവസ്ഥയെ അമിതമായി ഉത്തേജിപ്പിച്ചുകൊണ്ട് പ്രധാനപ്പെട്ട അവയവങ്ങളെ തകർക്കാൻ റാബിസ് വൈറസ് തലച്ചോറിനെ പ്രേരിപ്പിക്കുന്നതായാണ് തോന്നുന്നത്. അങ്ങനെ രോഗിയുടെ രോഗപ്രതിരോധ ശേഷി പ്രവർത്തിക്കാൻ അനുവദിക്കുന്നതിനായി രോഗിയെ കോമയിലാക്കി തലച്ചോറിന്റെ പ്രവർത്തനം ഇല്ലാതാക്കി ബ്രെയിൻ ഡെത്തിന് സമാനമായ സാഹചര്യം ഒരുക്കി അതിനുള്ള സമയം സൃഷ്ടിച്ചെടുക്കുക എന്നൊരു വഴിയുണ്ടെന്ന് താൻ കരുതി എന്ന് വില്ലോബി പറയുന്നു. അതിനിടെ ജീന്ന എങ്ങനെയാണ് അതിജീവിച്ചത് എന്ന ചോദ്യങ്ങൾ മെഡിക്കൽ രംഗത്ത് ഉയർന്നു, വവ്വാലുകളിൽ നിന്നുള്ള റാബിസ് വൈറസിന്റെ നേരിയതോ അസാധാരണമോ ആയ ഒരു വൈറസ് വകഭേദം ആണോ അവളെ ബാധിച്ചത് ? അതോ അസാധാരണ പ്രോട്ടോക്കോൾ അവളെ രക്ഷിച്ചോ? അങ്ങനെയെങ്കിൽ ഏതൊക്കെ ഘടകങ്ങളാണ് അതിനു കാരണമായത് ? മറ്റ് റാബിസ് ഇരകൾക്ക് ഈ സമീപനം ഫലപ്രദമാകുമോ? എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ വില്ലോബിക്ക് നേരെ ഉയർന്നു.

വില്ലോബിയും സഹപ്രവർത്തകരും ജീന്നയുടെ കേസ് സിഡിസിയുടെ മോർബിഡിറ്റി ആൻഡ് മോർട്ടാലിറ്റി വീക്ക്‌ലി റിപ്പോർട്ടിലും 2005-ൽ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിലും റിപ്പോർട്ട് ചെയ്തു. വിസ്കോൺസിൻ മെഡിക്കൽ കോളേജ് വിശദമായ ചികിത്സാ സമ്പ്രദായം ഉൾക്കൊള്ളുന്ന ഒരു വെബ്‌സൈറ്റ് സ്ഥാപിച്ചു. അത് മിൽവാക്കി പ്രോട്ടോക്കോൾ എന്നറിയപ്പെട്ടു. കൂടാതെ പ്രോട്ടോക്കോൾ ഉപയോഗിച്ച് ഡോക്ടർമാർക്ക് അവരുടെ അനുഭവത്തിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്താൻ കഴിയുന്ന ഒരു രജിസ്ട്രിയും സ്ഥാപിച്ചു. പ്രതിവർഷം പതിനായിരക്കണക്കിന് റാബിസ് കേസുകൾ മരണത്തിലേക്ക് നീങ്ങുമ്പോൾ മറ്റ് ഡോക്ടർമാർ ഇത് ഉപയോഗിക്കാൻ തുടങ്ങുമെന്നും ആറു മാസത്തിനുള്ളിൽ തങ്ങൾക്ക് ഒരു ഉത്തരം ലഭിക്കുമെന്നും വില്ലോബി പ്രതീക്ഷിച്ചു. എന്നാൽ അത് സംഭവിച്ചില്ല. ജീന്നയെ രക്ഷിച്ചത് പ്രോട്ടോക്കോൾ ആണെന്ന ധാരണ പല റാബിസ് ഗവേഷകരും നിരസിച്ചു. കോമയിലാക്കുന്ന ചികിത്സ അധാർമ്മികമാണെന്നും അതിജീവനത്തിലേക്ക് നയിക്കില്ലെന്നും അവർ പറഞ്ഞു. ജിന്നയുടെ കേസിനു ശേഷമുള്ള ആദ്യ കുറച്ച് വർഷങ്ങളിൽ ഇത് പരീക്ഷിച്ചെങ്കിലും രോഗികൾക്ക് അതിജീവിക്കാൻ കഴിഞ്ഞില്ല. എന്നാൽ ഏകദേശം പകുതി കേസുകളിലും പ്രോട്ടോക്കോൾ കർശനമായി പാലിച്ചിട്ടില്ലെന്നാണ് വില്ലോബി ഇതിനെ കുറിച്ചു പ്രതികരിച്ചത്. ഒപ്പം മരണമല്ലാതെ മറ്റൊന്നും മുന്നിൽ ഇല്ലാത്ത ഇത്രയും ഭീകരമായ രോഗത്തിന് എന്ത് പരീക്ഷണം നടത്തുന്നതിലും തെറ്റില്ലെന്നാണ് വിലോബി പറയുന്നത്.

തന്റെ ദൃഢനിശ്ചയത്തിലൂടെയും, കുടുംബത്തിന്റെ വിശ്വാസത്തിലൂടെയും, സുഹൃത്തുക്കളുടെ പിന്തുണയിലൂടെയും, ജീന്ന നടക്കാനും സംസാരിക്കാനും വായിക്കാനും വീണ്ടും പഠിച്ചു. ജീവിതത്തിലേക്ക് തിരികെ വന്നു. മിൽവാക്കി പ്രോട്ടോക്കോൾ എന്നറിയപ്പെടുന്ന അവളുടെ ജീവൻ രക്ഷിക്കാൻ ഉപയോഗിച്ച അതേ ചികിത്സയിലൂടെ അമേരിക്ക, പെറു, കൊളംബിയ, ബ്രസീൽ, ചിലി, ഖത്തർ എന്നിവിടങ്ങളിലായി മറ്റ് 10 പേരുടെ ജീവൻ കൂടി രക്ഷിക്കാൻ സാധിച്ചിട്ടുണ്ട് എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുമുണ്ട്.

’20 വർഷം എന്ന് ചിന്തിക്കുന്നത് തന്നെ അവിശ്വസനീയമാണ്. എനിക്ക് അസുഖം വന്നപ്പോൾ എന്റെ ജീവിതം പൂർണ്ണമായും മാറി. താൻ ഇന്നും ജീവിച്ചിരിപ്പുണ്ടെന്നത് അത്ഭുതമാണ്’ എന്നാണ് ജീന്ന ഗീസെ തന്റെ പുതു ജീവിതത്തെ കുറിച്ച് വർഷങ്ങൾ ഇപ്പുറം പറയുന്നത്. ഒരു മെഡിക്കൽ മിറക്കിൾ ആയാണ് ജീന ഗീസെ ഇപ്പോൾ ലോകമെമ്പാടും അറിയപ്പെടുന്നത്. ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയതും അമ്മയായതും ഉൾപ്പെടെയുള്ള ജീനയുടെ ജീവിതം മാധ്യമങ്ങൾ നിരവധി തവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന്, ഫോണ്ട് ഡു ലാക്കിലെ ചിൽഡ്രൻസ് മ്യൂസിയത്തിൽ ജോലി ചെയ്യുന്ന ജീന്ന മൂന്ന് കുട്ടികളുടെ അമ്മ കൂടിയാണ്.

Read more