ഉള്ളടക്കത്തില്‍ ദൈവനിന്ദ; വിക്കിപീഡിയയ്ക്ക് പാകിസ്ഥാനില്‍ നിരോധനം

പ്രശസ്തമായ സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയയ്ക്ക് പാകിസ്ഥാനില്‍ നിരോധനം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. സെറ്റിലെ അപകീര്‍ത്തികരമായ ഉള്ളടക്കത്തിന്റെ പേരില്‍ പാകിസ്ഥാന്‍ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി (പിടിഎ) വിക്കിപീഡിയയുടെ സേവനം 48 മണിക്കൂര്‍ തടസ്സപ്പെടുത്തിയിരുന്നു.

ദൈവനിന്ദാപരമായ ഉള്ളടക്കം നീക്കം ചെയ്തില്ലെങ്കില്‍ നിരോധിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ ഇതിന് ശേഷവും ഉള്ളടക്കം പിന്‍വലിക്കാത്ത സാഹചര്യത്തിലാണ് വിക്കിപീഡിയയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി നിരോധിച്ചത്. ഇക്കാര്യം പിടിഎ വക്താവ് സ്ഥിരീകരിച്ചു.

വിവാദം സൃഷ്ടിച്ച ഉള്ളടക്കം നീക്കം ചെയ്യുന്നതിനായി വിക്കിപീഡിയയ്ക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നതായി പിടിഎ വക്താവ് അറിയിച്ചു. വിക്കിപീഡിയയുടെ വാദങ്ങള്‍ അവതരിപ്പിക്കാനും അവസരം നല്‍കിയിരുന്നു. എന്നാല്‍, വിവാദ ഉള്ളടക്കം നീക്കം ചെയ്യാനോ സ്വന്തം നിലപാട് അറിയിക്കാന്‍ അധികൃതര്‍ക്കു മുന്നില്‍ ഹാജരാകാനോ വിക്കിപീഡിയ പ്രതിനിധികള്‍ തയാറാകാത്ത സാഹചര്യത്തിലാണ് നിരോധനമെന്ന് പിടിഎ വക്താവ് വ്യക്തമാക്കി.

ദൈവനിന്ദ ഉള്‍ക്കൊള്ളുന്ന ഉള്ളടക്കത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയ മാധ്യമങ്ങളായ ഫെയ്‌സ്ബുക്കും യുട്യൂബും മുന്‍പ് പാകിസ്ഥാനില്‍ വിലക്കിയിട്ടുണ്ട്.