തീരുവ കണക്ക് കൂട്ടുന്നതില്‍ ഏത് രീതി യുഎസ് പിന്തുടരും?; വ്യക്തത വരാതെ ഇന്ത്യ- യുഎസ് വ്യാപാര കരാര്‍

ഇന്ത്യ-യുഎസ് വ്യാപാര കരാറിലെ വ്യവസ്ഥകളില്‍ അവ്യക്തതയും ആശങ്കയും നിലനില്‍ക്കുന്നുണ്ട്. യുഎസും ഇന്ത്യയും തമ്മില്‍ വ്യാപാരക്കരാറിനു ധാരണയായെങ്കിലും പലവിഷയങ്ങളിലും വ്യക്തത വരേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. തീരുവ കണക്കുകൂട്ടുന്നതില്‍ ഏതു രീതിയാകും യുഎസ് പിന്തുടരുകയെന്നതില്‍ വ്യക്തത വരേണ്ടതുണ്ട്. ജപ്പാന്‍, ഇന്തൊനീഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്ക് വ്യാപാരക്കരാര്‍ വഴി പകരം തീരുവ കുറച്ചിരുന്നു. നിലവില്‍ ഉല്‍പന്നങ്ങള്‍ക്ക് ബാധകമായ എംഎഫ്എന്‍ തീരുവയ്ക്കു മുകളിലാണ് കുറഞ്ഞതോതിലുള്ള പകരം തീരുവ ചുമത്തുന്നത്. എന്നാല്‍ യൂറോപ്യന്‍ യൂണിയന്റെ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. ഒരു ഉല്‍പന്നത്തിന്റെ എംഎഫ്എന്‍ തീരുവ 15 ശതമാനത്തിനു താഴെയെങ്കിലും പകരം തീരുവയും കൂടി ചേര്‍ത്ത് പരമാവധി 15 ശതമാനമേ ആകാന്‍ പാടുള്ളൂ. അതേസമയം എംഎഫ്എന്‍ തീരുവ ഇതിനു മുകളിലാണെങ്കില്‍ അധികം പകരം തീരുവ ചുമത്തില്ല. ഇന്ത്യയ്ക്ക് ഇതില്‍ ഏതുരീതിയായിരിക്കും യുഎസ് പിന്തുടരുകയെന്നതില്‍ വ്യക്തതയില്ല.

നിലവില്‍ യുഎസിലേക്കുള്ള 66% ചരക്കുകയറ്റുമതിക്കും ഏതെങ്കിലും തരത്തിലുള്ള ഉയര്‍ന്ന തീരുവ ബാധകമാണ്. ഇതില്‍ 50% പകരം തീരുവ ചുമത്തിയിരിക്കുന്നത് 55.8 ശതമാനത്തിനാണ്. ബാക്കി 10.2 ശതമാനത്തിന് ഉയര്‍ന്ന തീരുവ മുന്‍പേ ബാധകമാണ്. ഓട്ടമൊബീല്‍ വ്യവസായത്തിന് 25 ശതമാനവും സ്റ്റീല്‍, അലൂമിനിയം, ചെമ്പ് എന്നിവയ്ക്ക് 50 ശതമാനവും തീരുവയാണ് നിലവിലുള്ളത്. പകരം തീരുവയിലാണ് ഇളവ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ ഓട്ടമൊബീല്‍, സ്റ്റീല്‍, അലൂമിനിയം, ചെമ്പ് തുടങ്ങിയവയ്ക്കുള്ള തീരുവ ഉയര്‍ന്ന നിലയില്‍ തുടരുമോയെന്നതാണ് പ്രധാന ചോദ്യം. തുടര്‍ന്നേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ ഗണത്തില്‍ വരുന്ന ഉല്‍പന്നങ്ങളുടെ ആകെ മൂല്യം 77,846 കോടി രൂപയാണ്. ഇതിനു പുറമേ ഏകദേശം 34 ശതമാനത്തോളം ഉല്‍പന്നങ്ങള്‍ക്ക് നിലവില്‍ തീരുവയില്ല. ഇവയുടെ മൂല്യം ഏകദേശം 2.56 ലക്ഷം കോടി രൂപയാണ്. ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങള്‍, ഇലക്ട്രോണിക്‌സ്, ധാതുക്കള്‍, പേപ്പര്‍ തുടങ്ങിയവയാണ് ഈ ഗണത്തില്‍ വരുന്നത്.

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള തീരുവ കുറച്ചത് ആശ്വാസകരമാണെങ്കിലും കാര്‍ഷിക മേഖല തുറന്നു കൊടുത്താല്‍ അത് കനത്ത തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. അന്താരാഷ്ട്ര സാമ്പത്തികനയത്തില്‍ പതിറ്റാണ്ടുകളോളം വ്യാപാരവും സാമ്പത്തികവളര്‍ച്ചയും പ്രോത്സാഹിപ്പിക്കുന്നതിനായി തീരുവകള്‍ കുറയ്ക്കുന്നതായിരുന്നു മുഖ്യതന്ത്രം. തീരുവവര്‍ധനയുടെ അനിശ്ചിതത്വം ആഗോളസമ്പദ്വ്യവസ്ഥയ്ക്ക് അനുകൂലമല്ലെന്ന് മാത്രമല്ല ഇന്ത്യപോലുള്ള വേഗത്തില്‍ വളരുന്ന താഴ്ന്ന-മധ്യ വരുമാന സമ്പദ് വ്യവസ്ഥയ്ക്ക് ഇത് കൂടുതല്‍ ആശങ്കാജനകമാണ്. അമേരിക്കന്‍ തീരുവ കുറയ്ക്കാനുള്ള പുതിയ പ്രഖ്യാപനം വ്യാപാരനയത്തിലെ തുടര്‍ച്ചയായ ഉയര്‍ച്ചതാഴ്ചകളുടെ ഭാഗമല്ലെങ്കില്‍മാത്രമേ പ്രസക്തിയുണ്ടാകൂവെന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ പ്രഖ്യാപിച്ച കരാറിന്‍കീഴില്‍ ഇന്ത്യ 18 ശതമാനം എന്ന കുറഞ്ഞ തീരുവനിരക്ക് ഉറപ്പാക്കിയിട്ടുണ്ട്- കഴിഞ്ഞ ജൂലായില്‍ പുറപ്പെടുവിച്ച അമേരിക്കന്‍ എക്സിക്യുട്ടീവ് ഉത്തരവുപ്രകാരം 19 ശതമാനം പരസ്പരതീരുവ നേരിടുന്ന പാകിസ്താനെക്കാള്‍ കുറവാണ് ഇത്. റഷ്യന്‍ എണ്ണ വാങ്ങല്‍ നിര്‍ത്താനും അമേരിക്കന്‍ ഉത്പന്നങ്ങളിലെ തീരുവകള്‍ വന്‍തോതില്‍ കുറയ്ക്കാനും ഇന്ത്യ സമ്മതിച്ചതിനുള്ള ‘പ്രതിഫല’മായി ഈ നടപടി സ്വീകരിച്ചുവെന്നതാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ വിശദീകരണം.

Read more

എന്നിരുന്നാലും ഇത് അടുത്തിടെ ഉണ്ടായിരുന്ന ഒരു തീരുവവര്‍ധനയുടെ ഭാഗിക പിന്‍വലിക്കല്‍മാത്രമാണെന്നും അതിനാല്‍ ഇന്ത്യക്ക് പുതിയ നേട്ടമൊന്നും ഉണ്ടാക്കുന്നില്ലെന്നും ഓര്‍ക്കേണ്ടതുണ്ടെന്നും വിദഗ്ധര്‍ നിരീക്ഷിക്കുന്നു.