'എല്ലുകൾ ഒടിഞ്ഞേക്കാം, ബേബി ഫീറ്റ് എന്ന അവസ്ഥ...'; ഭൂമിയിലെത്തുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും കാത്തിരിക്കുന്നത് എന്തെല്ലാം?

എല്ലുകൾ ഒടിഞ്ഞേക്കാം.. കാൽപ്പാദം ശിശുക്കളുടേത് പോലെയാകും, നടക്കാൻ ബുദ്ധിമുട്ടും…. വില്യംസും ബുച്ച് വിൽമോറും തിരിച്ചെത്തുമ്പോൾ അവരുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ കാര്യത്തിൽ പലരും ആശ്ചര്യപ്പെടുന്നുണ്ടാകും.

2024 ജൂൺ മുതൽ നീണ്ട ബഹിരാകാശ ദൗത്യത്തിന് ശേഷം മാർച്ച് 19ന് സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങിയെത്തുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. സഹയാത്രികന്‍ ബുച്ച് വിൽമോറിനൊപ്പം ഭൂമിയിലേക്കുള്ള തിരിച്ചുവരവിനായി ഇന്ത്യൻ വംശജയായ സുനിത വില്യംസ് ഒരുങ്ങുകയാണ്. അതിനുള്ള നടപടികളെല്ലാം പുരോഗമിക്കുകയാണ്. ഇവരെ ഭൂമിയിലേക്ക് കൊണ്ടുവരുന്നതിനായി നാലംഗ ക്രൂ-10 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന ക്രൂ 9 സംഘത്തിലെ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിക കൊണ്ടുവരികയാണ് ക്രൂ 10 ന്റെ പ്രധാന ലക്ഷ്യം. സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ പേടകത്തില്‍ എത്തിച്ചേര്‍ന്ന ക്രൂ 10 സംഘത്തെ സുനിത വില്യംസും സംഘവും ചേർന്ന് സ്വീകരിച്ചു.

വെറും എട്ട് ദിവസത്തെ ദൗത്യത്തിനായാണ് ബോയിംഗിൻ്റെ പരീക്ഷണ സ്റ്റാർലൈനർ പേടകത്തിൽ 2024 ജൂണിൽ ഭൂമിയിൽ നിന്നും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സുനിത വില്യംസും ബുച്ച് വിൽമോറും പറന്നുയർന്നത്. എന്നാൽ സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ഇരുവർക്കും മുൻനിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് മടങ്ങാനായില്ല. തുടർന്നാണ് ഇരുവരുടെയും മടക്കയാത്ര നീട്ടിവച്ചത്. പലതവണ ഇരുവരെയും മടക്കികൊണ്ടുവരാൻ നാസ ശ്രമിച്ചുവെങ്കിലും ഹീലിയം ചോർച്ചയും മറ്റു തകരാറുകളുള്ള സ്റ്റാർലൈനറിന്റെ അപകട സാധ്യത മുന്നിൽക്കണ്ട് മടക്കയാത്ര വീണ്ടും നീട്ടിവെക്കുകയായിരുന്നു.

ഇപ്പോഴിതാ ഇരുവരും ഭൂമിയിലേക്ക് മടങ്ങി വരികയാണ്. ദീർഘകാലത്തെ ബഹിരാകാശ വാസത്തിന് ശേഷം ഭുമിയിലെത്തുന്ന സുനിത വില്യംസിനും ബുച്ച് വിൽമോറിനും നിരവധി ആരോഗ്യപ്രശ്‌നങ്ങൾ നേരിടേണ്ടി വരുമെന്നാണ് വിദഗ്‌ധർ പറയുന്നത്. ബഹിരാകാശ നിലയത്തിൽ മാസങ്ങൾ പിന്നിട്ട് ഭൂമിയിലേക്കു തിരിച്ചെത്തുന്ന സുനിത വില്യംസിനും ബുച്ച് വിൽമോറിനും ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടുക ഒട്ടും എളുപ്പമായിരിക്കില്ല. നടക്കാനുള്ള ബുദ്ധിമുട്ട് മുതൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ വരെ ഇരുവർക്കും നേരിടേണ്ടി വന്നേക്കാം. ഇത് ഒരു സാധാരണ തിരിച്ചുവരവ് ആയിരിക്കില്ലെന്നാണ് മുന്നറിയിപ്പ്. ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാൻ വില്യംസിനും വിൽമോറിനും ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്നാണ് മുൻ നാസ ബഹിരാകാശ യാത്രികനായ ലെറോയ് ചിയാവോ പറയുന്നത്.

ഇരുവർക്കും ‘ബേബി ഫീറ്റ്’ എന്ന അവസ്ഥ ഉണ്ടാകാം എന്നാണ് ലെറോയ് ചിയാവോ പറയുന്നത്. മാസങ്ങൾ ബഹിരാകാശത്ത് ചെലവഴിച്ചതിന്റെ ഫലമായി ബഹിരാകാശ യാത്രികരുടെ കാൽപാദങ്ങൾ കുഞ്ഞുങ്ങളുടേത് പോലെ മൃദുലമാകുന്ന അവസ്ഥയാണിത്. ഇതിന്റെ ഫലമായി ഇരുവരും നടക്കുമ്പോൾ കുഞ്ഞുങ്ങളുടെ കാൽപ്പാദങ്ങൾ പോലെ അനുഭവപ്പെടാം എന്നാണ് പഠനങ്ങൾ പറയുന്നത്. കാലിലെ കട്ടിയുള്ള ചർമ്മം അടർന്ന് കുട്ടികളുടേത് പോലെ മൃദുലമായ ചർമ്മം വളരുന്നതാണ് ഇതിന് കാരണം. ആഴ്‌ചകളോ മാസങ്ങളോ കൊണ്ടു മാത്രമേ പഴയ കട്ടിയുള്ള ചർമ്മം വളർന്നുവരൂ എന്നും അതുവരെ നടക്കുന്നത് ബുദ്ധിമുട്ടായി അനുഭവപ്പെടുകയും വേദന തോന്നുകയും ചെയ്യാം എന്നും പറയുന്നു.

അസ്ഥികളുടെ സാന്ദ്രത കുറയുന്നതാണ് മറ്റൊരു അവസ്ഥ. ഗുരുത്വാകർഷണമില്ലാത്തതിനാൽ തന്നെ അസ്‌ഥികളിലെ ധാതുക്കൾ നഷ്‌ടപ്പെടുകയും സാന്ദ്രത കുറയുകയും ചെയ്യും. കൃത്യമായ മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ ഒരു മാസം കൊണ്ട് ഒരു ശതമാനത്തോളം സാന്ദ്രത കുറയുമെന്നാണ് നാസ പറയുന്നത്. ഇത് തുടയെല്ല്, നട്ടെല്ല്, തുടങ്ങിയ ഭാരം വഹിക്കുന്ന അസ്ഥികളെ ബാധിക്കുകയും ഇത് പെട്ടെന്ന് ഒടിവുകൾ സംഭവിക്കുന്നതിന് കാരണമാകാമെന്നും നാസ പറയുന്നു.

രക്തചംക്രമണ വ്യവസ്ഥ മാറുന്നതാണ് മറ്റൊരാവസ്ഥ. ഗുരുത്വാകർഷണത്തിന് എതിരായി ഹൃദയത്തിന് രക്‌തം പമ്പ് ചെയ്യേണ്ടി വരാത്തത്തുകൊണ്ട് രക്‌തത്തിൻ്റെ അളവ് കുറയാൻ സാധ്യതയുണ്ട്. രക്തചംക്രമണ വ്യവസ്‌ഥയിലും മാറ്റം ഉണ്ടാവാം. രക്തംചംക്രമണം പതുക്കെയാകുന്നത് ശരീരത്തിൻന്റെ പല ഭാഗങ്ങളിലും രക്തം കട്ടപിടിക്കുന്നതിനു കാരണമാകുമെന്നാണ് വിലയിരുത്തൽ. മറ്റൊന്ന് റേഡിയേഷൻ വികിരണത്തിൻ്റെ അപകടമാണ്. ബഹിരാകാശയാത്രികർ വലിയ തോതിൽ കോസ്മിക് വികിരണങ്ങൾക്ക് വിധേയരാകുന്നതും ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാം. ഭൂമിയിലേതിനേക്കാൾ 50 മുതൽ 200 മടങ്ങു വരെ റേഡിയേഷൻ ബഹിരാകാശയാത്രികരെ ബാധിക്കാറുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ഉയർന്ന അളവിലുള്ള റേഡിയേഷൻ എക്സ്പോഷർ മനംപുരട്ടൽ, ഛർദ്ദി, ക്ഷീണം എന്നിങ്ങനെയുള്ള രോഗങ്ങൾക്ക് കാരണമാകാം.

ഇതുകൂടാതെ ശാരീരിക പ്രശ്‌നങ്ങൾ പോലെ തന്നെ മാനസിക വെല്ലുവിളികളും ഇരുവരും നേരിടേണ്ടി വരുമെന്നതാണ് മറ്റൊരു വെല്ലുവിളി. ഒറ്റപ്പെടൽ, ഉറക്കക്കുറവ്, ക്രമരഹിതമായ പ്രകാശചക്രങ്ങൾ, ബഹിരാകാശ അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നതിന്റെ സമ്മർദം എന്നിവയെല്ലാം മാനസിക പ്രശ്‌നങ്ങൾക്കു കാരണമാകാമെന്നും നാസ വ്യക്തമാക്കിയിട്ടുണ്ട്. ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം, ശരീരത്തിന് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ആഴ്‌ചകൾ ആവശ്യമാണെന്നും നാസ പറയുന്നു. എന്തിരുന്നാലും സുനിത വില്യംസിനും ബുച്ച് വിൽമോറിനും ഭൂമിയിലെ ജീവിതം കഠിനമായിരിക്കും.