പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഒമാൻ സുൽത്താനുമായും കുവൈത്ത് കിരീടാവകാശിയുമായും ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി മോദി ഫോണിൽ സംസാരിച്ചു. മേഖലയിൽ സമാധാനവും സുസ്ഥിരതയും തിരികെ കൊണ്ടുവരുന്നതിന് ചർച്ചകൾക്കും നയതന്ത്ര നീക്കങ്ങൾക്കും മുൻഗണന നൽകണമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി.
ഒമാനിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി മുൻകൂട്ടി പെരുന്നാൾ ആശംസകൾ നേർന്നു. ചർച്ച നടത്തിയ വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് അക്കൗണ്ടിൽ പങ്കുവെച്ചു. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും ചർച്ചകൾക്കും നയതന്ത്ര നീക്കങ്ങൾക്കും മുൻഗണന നൽകേണ്ടതിന്റെ ആവശ്യകത സംഭാഷണത്തിൽ വ്യക്തമാക്കി.
ഇന്ത്യൻ പൗരന്മാരുൾപ്പെടെ ആയിരക്കണക്കിന് ആളുകളുടെ സുരക്ഷിതമായ മടങ്ങിവരവ് ഉറപ്പാക്കാൻ ഒമാൻ നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതവും സ്വതന്ത്രവുമായ കപ്പൽ ഗതാഗതത്തിനായി ഇന്ത്യയും ഒമാനും ഒരുമിച്ച് നിൽക്കുന്നതായും മോദി എക്സ് അക്കൗണ്ടിൽ കുറിച്ചു.
കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹുവുമായി നേരത്തെ മോദി ടെലിഫോണിൽ ചർച്ച നടത്തിയിരുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഇരുരാജ്യങ്ങളും ചർച്ച ചെയ്തു.







