"ഇന്ത്യയിലെ ജനാധിപത്യ സാഹചര്യം വഷളാകുന്നു": യു.എസ് സെനറ്റ് കമ്മിറ്റി

യു.എസിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ ഭരണകൂടത്തിലെ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ ഓസ്റ്റിന്റെ ഇന്ത്യ സന്ദർശനത്തിനിടെ ഇന്ത്യയിലെ ജനാധിപത്യ സാഹചര്യത്തെ കുറിച്ചുള്ള ആശങ്കകൾ രാജ്യത്തെ ഉദ്യോഗസ്ഥരോട് ഉന്നയിക്കണമെന്ന് യുഎസ് സെനറ്റ് ലോയ്ഡ് ജെ ഓസ്റ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികളെ നേരിടാൻ യുഎസിന്റെയും ഇന്ത്യയുടെയും പങ്കാളിത്തം നിർണായകമാണെങ്കിലും പങ്കാളിത്തം ജനാധിപത്യ മൂല്യങ്ങൾ പാലിച്ചു കൊണ്ടായിരിക്കണമെന്ന് സെനറ്റർ റോബർട്ട് മെനെൻഡെസ് ലോയ്ഡ് ജെ ഓസ്റ്റിന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. ഇന്ത്യൻ സർക്കാർ ഈ മൂല്യങ്ങളിൽ നിന്ന് അകലം പാലിക്കുന്നതായി കത്തിൽ പറഞ്ഞു.

പുതിയ കാർഷിക നിയമങ്ങളെ സമാധാനപരമായി പ്രതിഷേധിക്കുന്ന കർഷകരെയും മാധ്യമ പ്രവർത്തകരെയും സർക്കാർ വിമർശകരെയും ഭീഷണിപ്പെടുത്തുകയും അടിച്ചമർത്തുകയും ചെയ്യുന്ന ഇന്ത്യൻ സർക്കാർ ഇന്ത്യയിലെ ജനാധിപത്യത്തിന്റെ അധഃപതിച്ച സാഹചര്യത്തെ അടിവരയിടുന്നു എന്ന് റോബർട്ട് മെനെൻഡെസിന്റെ കത്തിൽ പറയുന്നു.

മാത്രമല്ല, സമീപ വർഷങ്ങളിൽ, മുസ്‌ലിം വിരുദ്ധ വികാരവും അതിനോട് അനുബന്ധമായ സർക്കാർ നടപടിയായ പൗരത്വ ഭേദഗതി നിയമവും, രാഷ്ട്രീയ സംവാദം അടിച്ചമർത്തലും, കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് രാഷ്ട്രീയ എതിരാളികളെ അറസ്റ്റ് ചെയ്യുന്ന നടപടിയും, രാഷ്ട്രീയ എതിരാളികളെ പീഡിപ്പിക്കാൻ രാജ്യദ്രോഹ നിയമങ്ങൾ ഉപയോഗിക്കൽ തുടങ്ങിയ കാര്യങ്ങളും യു‌എസ് മനുഷ്യാവകാശ ഗ്രൂപ്പായ ഫ്രീഡം ഹൗസിന്റെ വാർ‌ഷിക ആഗോള സർ‌വേയിൽ‌ ഇന്ത്യയെ “ഫ്രീ” പദവിയിൽ‌ നിന്നും ഒഴിവാക്കാൻ‌ കാരണമായി എന്ന് കത്തിൽ ചൂണ്ടിക്കാട്ടി.