തെളിവുകൾ ലഭിച്ചത് അടിവസ്ത്രത്തിൽ നിന്ന്, ജീവനെടുത്തത് അതിക്രൂരമായി ശ്വാസം മുട്ടിച്ചും കൈക്കോടാലി കൊണ്ടാക്രമിച്ചും, വയോധികയുടെ കൊലപാതകം തെളിഞ്ഞത് 28 വർഷങ്ങൾക്കിപ്പുറം

28 വർഷങ്ങൾക്കിപ്പുറം ഒരു കൊലപാതകക്കേസിന്റെ അന്വേഷണം അവസാനിപ്പിച്ചിരിക്കുകയാണ് അമേരിക്കൻ പൊലീസ്.  ഇദാഹോയിലെ 84 കാരി സ്വവസതിയിൽ അതിദാരുണമായി കൊലചെയ്യപ്പെട്ട സംഭവത്തിലാണ് കാൽ നൂറ്റാണ്ടിനു ശേഷം പ്രതിയെ സ്ഥിരീകരിക്കുന്നത്. 1995 ഓഗസ്റ്റ് 10 ന് അമേരിക്കയിലെ ഇദാഹോയിലാണ് വിൽമ മോബ്ലി എന്ന 84കാരി വീടിനുള്ളിൽ വച്ച് ശ്വാസം മുട്ടിച്ചും കൈക്കോടാലി കൊണ്ടുള്ള ആക്രമണത്തിലും കൊല്ലപ്പെട്ടത്.

സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അയൽവാസിയായ ഡാനി ലീ കെന്നിസണ്‍ അടക്കം മൂന്ന് പേരെ പൊലീസ് സംശയിച്ചിരുന്നു.എന്നാൽ വർഷങ്ങൾ കഴിഞ്ഞതോടെ അന്വേഷണത്തിന്റെ ഊർജ്ജം കുറയുകയും സംശയത്തിന് സാധുത നൽകുന്ന ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനാവാതെ വരികയും ചെയ്തിരുന്നു. അതിനിടെ പ്രതിയെന്ന് സംശയിച്ച ഡാനി ലീ കെന്നിസണ്‍ 2001ൽ ജീവനൊടുക്കിയിരുന്നു.

ഈയിടെ ലോക്കൽ പൊലീസ് കേസിൽ എഫ്ബിഐയുടെ സഹായം തേടി. തുടർന്ന് ഇദാഹോ പൊലീസ് ഫൊറന്‍സിക് സംഘം സൂക്ഷിച്ചിരുന്ന തെളിവുകൾ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കിയതിലാണ് ഡാനി ലീ കെന്നിസണ്‍ തന്നെയാണ് വിൽമയെ കൊന്നതെന്ന് കണ്ടെത്തിയത്. ഇവരുടെ അടിവസ്ത്രങ്ങളിൽ നിന്ന് ലഭിച്ച തെളിവുകളാണ് മാച്ചായതായി കണ്ടെത്തിയത്.

2022ൽ ക്ലിന്‍റണ്‍ വാഗ്നെർ എന്ന ഉദ്യോഗസ്ഥനാണ് കേസ് വിവിധ വകുപ്പുകളുമായി ചേർന്ന് അന്വേഷിക്കാന്‍ മുന്‍കൈ എടുത്തത്. മുന്‍ കാലത്തില്‍ നിന്ന് വിഭിന്നമായി വിശദമായ ഡിഎന്‍എ പരിശോധനയാണ് സാംപിളുകളിൽ നടത്തിയത്. തിങ്കളാഴ്ചയാണ് കേസ് അന്വേഷണം അവസാനിപ്പിക്കുന്നതായി പൊലീസ് വ്യക്തമാക്കിയത്.

ഡാനി ലീ കെന്നിസണ്‍ മരിച്ചതോടെ കേസിൽ കൂടുതൽ നടപടികൾക്ക് ഇനി സാധ്യതയില്ല. എങ്കിലും കേസിൽ സംശയത്തിന്റെ നിഴലിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് പേർക്കും ആശ്വാസകരമാവുന്നതാണ് നടപടി. വിൽമയുടെ കുടുംബാംഗങ്ങളെ പൊലീസ് കേസിന്റെ വിവരം അറിയിച്ചതിന് പിന്നാലെയാണ് കേസ് അവസാനിപ്പിച്ചത്.