ഇറാനിലെ ഇസ്ഫഹാനിലെ ആയുധകേന്ദ്രത്തിന് നേര്‍ക്ക് അമേരിക്കയുടെ ബങ്കര്‍ ബസ്റ്റര്‍ ബോംബ്; ആക്രമണ സ്ഥലങ്ങളുടെ ഫോട്ടോയോ വീഡിയോയോ പങ്കുവെച്ചാല്‍ വധശിക്ഷയെന്ന് ഇറാന്‍ ഭരണകൂടം

ഇറാനിലെ ഇസ്ഫഹാനിലെ ആയുധ കേന്ദ്രത്തില്‍ അമേരിക്ക ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചു. ഇറാന്റെ സൈനിക താവളങ്ങളും പ്രതിരോധ വ്യവസായവും സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാന കേന്ദ്രമാണ് ഇസ്ഫഹാന്‍. ജൂണില്‍ ഇറാനും ഇസ്രായേലും തമ്മിലുള്ള 12 ദിവസത്തെ പോരാട്ടത്തില്‍ യുഎസ് ബോംബിട്ട് തകര്‍ത്ത മൂന്ന് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങളില്‍ ഒന്ന് സ്ഥിതി ചെയ്യുന്നതും ഈ കേന്ദ്ര നഗരത്തിലായിരുന്നു. 2000 പൗണ്ട് അഥവാ 900 കിലോയാണ് ഇറാനില്‍ ഇപ്പോള്‍ ഉപയോഗിച്ച ബങ്കര്‍ ബസ്റ്റര്‍ ബോംബിന്റെ ശരാശരി ഭാരം.

ബങ്കര്‍ ബസ്റ്റര്‍ ഉപയോഗിച്ചതിന്റെ വിഡിയോ അമേരിക്കന്‍ പ്രസിഡന്റ് ഡൈാണാള്‍ഡ് ട്രംപ് പുറത്തുവിട്ടിരുന്നു. പൊട്ടും മുന്‍പ് കോണ്‍ക്രീറ്റോ പാറയോ തുരന്ന് അകത്തു കയറാന്‍ കഴിയുന്ന ബോംബിനെയാണ് ബങ്കര്‍ ബസ്റ്റര്‍ എന്നു പൊതുവേ വിളിക്കുന്നത്. വലിയ തോതില്‍ സ്‌ഫോടക വസ്തുക്കള്‍ സംഭരിച്ചിരിക്കുന്നതിനാല്‍ ബോംബിന് വലുപ്പവും കൂടും. 200 അടി ആഴത്തില്‍ തുരക്കാന്‍ ബോംബിനു കഴിവുണ്ട്. ഭൂമിക്കടിയിലെ ശത്രു കേന്ദ്രങ്ങളെ് ലക്ഷ്യമിടുന്ന ബങ്കര്‍ബസ്റ്റര്‍ അമേരിക്ക ഇറാനിലും പ്രയോഗിച്ചിരിക്കുകയാണ്.

അതിനിടയില്‍ ഇറാന്‍ തങ്ങളുടെ പൗരന്‍മാരോട് ആക്രമ സ്ഥലങ്ങളുടെ ഫോട്ടോയുമ വീഡിയോയും പങ്കുവെയ്ക്കരുതെന്ന് താക്കീത് നല്‍കിയിട്ടുണ്ട്. ശത്രു രാജ്യങ്ങളായ അമേരിക്കയ്ക്കോ ഇസ്രയേലിനോ ഇറാനിലെ ചിത്രങ്ങളോ വിഡിയോയോ അയയ്ക്കുന്നത് വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നാണ് ഇറാന്‍ ഭരണകൂടം പറയുന്നത്. അങ്ങനെ ചെയ്താല്‍ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടി വധശിക്ഷയ്ക്കു വിധേയരാക്കാനാണ് ഭരണകൂടത്തിന്റെ നിര്‍ദേശം. ആക്രമണം നടന്ന സ്ഥലങ്ങളുടെ ചിത്രങ്ങള്‍ എടുക്കുമ്പോള്‍, തങ്ങള്‍ ലക്ഷ്യമിട്ട ഇടം കൃത്യമാണെന്ന് ശത്രു തിരിച്ചറിയുകയാണ്. അത്തരം വിവരങ്ങള്‍ നല്‍കുന്നത് ശത്രുവുമായി സഹകരിക്കുന്നതിന് തുല്യമാണെന്നാണ് ഇറാന്‍ ഭരണകൂടം പറയുന്നത്. അമേരിക്കയ്ക്കും ഇസ്രയേലിനും വിവരങ്ങള്‍ കൈമാറുന്നതായി ആരോപിച്ച് രണ്ട് പേരെ ഇറാന്‍ അധികൃതര്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റു രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കുകയും ചെയ്തു.