അമേരിക്ക-ഇറാന്‍ ചര്‍ച്ച പരാജയം; അമേരിക്കയുടെ നിബന്ധനകൾ സ്വീകരിക്കാതെ ഇറാൻ

അമേരിക്ക-ഇറാന്‍ ചര്‍ച്ച പരാജയം. അമേരിക്കയുടെ നിബന്ധനകള്‍ ഇറാന്‍ സ്വീകരിച്ചില്ലെന്ന് പാകിസ്ഥാനിൽ വെച്ച് നടന്ന ചർച്ചയിൽ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് അറിയിച്ചു. ഇറാനുമായുള്ള ചര്‍ച്ചയില്‍ പോരായ്മ ഉണ്ടെന്നും അമേരിക്കയുടെ നിബന്ധനകള്‍ സ്വീകരിക്കേണ്ടെന്ന് ഇറാന്‍ തീരുമാനിച്ചെന്നും വാന്‍സ് മാധ്യമങ്ങളോട് പറഞ്ഞു.

‘ചര്‍ച്ചയില്‍ സംഭവിച്ച പോരായ്മകള്‍ പാക്‌സിതാന്‍ കാരണമല്ല. അവര്‍ ഞങ്ങളെ നന്നായി സഹായിച്ചു. ഞങ്ങളും ഇറാനും തമ്മിലുള്ള വിടവ് നികത്താനും കരാറിലെത്താനും അവര്‍ നന്നായി പരിശ്രമിച്ചു. 21 മണിക്കൂറില്‍ ഇറാനുമായി ഗൗരവമായ പല ചര്‍ച്ചകളും നടത്തി. അതൊരു നല്ല വാര്‍ത്തയാണ്. എന്നാല്‍ നമുക്ക് ഒരു കരാറിലെത്താന്‍ സാധിച്ചില്ല. അമേരിക്കയേക്കാള്‍ ഇറാനെ സംബന്ധിച്ച് അതൊരു മോശം വാര്‍ത്തയാണെന്നാണ് ഞാന്‍ കരുതുന്നത്’, വാന്‍സ് പറഞ്ഞു.

അതുകൊണ്ട് തന്നെ ഒരു കരാറിലെത്താതെയാണ് തങ്ങള്‍ അമേരിക്കയിലേക്ക് മടങ്ങുന്നതെന്ന് വാന്‍സ് പറഞ്ഞു. ഏതൊക്കെ കാര്യങ്ങളില്‍ അവരെ ഉള്‍ക്കൊള്ളുകയെന്നും ഏതൊക്കെ കാര്യങ്ങളില്‍ അവരെ ഉള്‍ക്കൊള്ളില്ലെന്നും തങ്ങള്‍ കൃത്യമായി പറഞ്ഞു. തങ്ങള്‍ അത് വ്യക്തമാക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ ഇറാന്‍ അമേരിക്കയുടെ നിബന്ധനകള്‍ സ്വീകരിച്ചില്ലെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇറാന്‍ ആണവായുധം തേടില്ലെന്ന സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്നും വാന്‍സ് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രധാന ലക്ഷ്യം അതായിരുന്നുവെന്നും ഈ ചര്‍ച്ചയില്‍ തങ്ങള്‍ കൈവരിച്ച നേട്ടം ഇതാണെന്നും വാന്‍സ് വ്യക്തമാക്കി.