ഇറാനില്‍ ഇസ്രയേലും യുഎസും ആക്രമണം ആരംഭിച്ച ശനിയാഴ്ച പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ആക്രമണം നടത്തിയത് യുഎസ് സൈന്യമാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ യുഎസ് സൈനിക വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ തങ്ങള്‍ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം നടത്തുന്ന രണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോടു പറഞ്ഞു.ഇറാന്‍ സ്‌കൂളിലുണ്ടായ ആക്രമണത്തില്‍ സൈന്യം അന്വേഷണം ആരംഭിച്ചതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ബുധനാഴ്ച പറഞ്ഞിരുന്നു.
സ്‌കൂളില്‍ ആക്രമണം നടത്തിയത് ഇറാന്‍തന്നെയാണെന്ന് നേരത്തേ യുഎസ് വാദിച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്. സ്‌കൂളിലുണ്ടായ ആക്രമണത്തില്‍ അമേരിക്കന്‍ സൈന്യത്തിനു പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് ന്യൂയോര്‍ക്ക് ടൈംസ് നേരത്തെ നല്‍കിയിരുന്നു. സ്‌കൂളിനു സമീപത്തുള്ള ഇറാന്‍ റവല്യൂഷനറി ഗാര്‍ഡിന്റെ നാവിക താവളത്തില്‍ യുഎസ് ആക്രമണം ഉണ്ടായ അതേസമയത്താണ് സ്‌കൂളിലും മിസൈല്‍ പതിച്ചത്. യുഎസ് സൈന്യം അബദ്ധത്തില്‍ സ്‌കൂള്‍ ആക്രമിച്ചെന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ട്.
150 ലധികം കുട്ടികള്‍ക്കാണ് ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. സ്‌കൂളിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍ അടക്കം അപലപിച്ചിരുന്നു. ന്യായീകരിക്കാനാവാത്ത കുറ്റമെന്നാണ് മനുഷ്യാവകാശ കമ്മിഷന്‍ സംഭവത്തെ വിളിച്ചത്. ആക്രമണത്തിനു ഉപയോഗിച്ച ആയുധങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ പുറത്തുവന്നാല്‍ മാത്രമേ ആക്രമിച്ചതാരാണെന്ന വിവരം ഉറപ്പിക്കാനാവു. അതേസമയം സ്‌കൂളില്‍ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് ഒട്ടേറെ കാരണങ്ങള്‍ പ്രചരിക്കുമ്പോഴും തെളിവുകളുടെ അഭാവത്തില്‍ ഒന്നും സ്ഥിരീകരിക്കാന്‍ വാര്‍ത്താ ഏജന്‍സികള്‍ക്ക് ഉള്‍പ്പെടെ കഴിഞ്ഞിട്ടില്ല.
Read more
ഇറാനില്‍ യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികള്‍ക്ക് കൂട്ടസംസ്‌കാരമാണ് നടത്തിയത്. തെക്കന്‍ ഇറാനിലെ മിനാബിലെ ഗേള്‍സ് എലമെന്ററി സ്‌കൂളിന് നേരേയുണ്ടായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥിനികളുടെ സംസ്‌കാരതിനായി തയ്യാറാക്കിയ കബറുകളുടെ ചിത്രം ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. മിസ്റ്റര്‍ ട്രംപ് വാഗ്ദാനം ചെയ്ത രക്ഷ യഥാര്‍ത്ഥത്തില്‍ ഇതാണെന്ന് പറഞ്ഞാണ് കൂട്ടകബറിന്റെ ചിത്രം ഇറാന്‍ മന്ത്രി പങ്കുവെച്ചത്.







