20 വർഷത്തിനു ശേഷം അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സൈന്യം പൂർണമായും മടങ്ങി; അവസാന അമേരിക്കൻ വിമാനവും കാബൂൾ വിട്ടു

നീണ്ട ഇരുപത് വർഷത്തിനു ശേഷം അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സൈന്യം പൂർണമായും മടങ്ങി.  അവസാന അമേരിക്കൻ വിമാനവും  കാബൂൾ വിട്ടു. അമേരിക്കൻ അംബാസഡർ അടക്കമുള്ളവരുമായി അവസാന യു എസ് വിമാനം C17  ഇന്ത്യൻ സമയം രാത്രി 12 .59 നാണ് പറന്നുയർന്നത്. അമേരിക്കയുടെ അഫ്ഗാൻ അംബാസിഡർ റോസ് വിൽസൺ അടക്കം അവസാന വിമാനത്തിൽ മടങ്ങി.

തുടർച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അതീവ സുരക്ഷയിലാണ് വിമാനം പുറപ്പെട്ടത്. കഴിഞ്ഞ രണ്ട് ആഴ്ചയ്‌ക്കിടെ മൂന്ന് ഭീകരാക്രമണങ്ങളാണ്  കാബൂളിൽ ഉണ്ടായത്. അമേരിക്കയുടെ ഭാഗത്തു നിന്നും ഒരു തവണ പ്രത്യാക്രമണവും ഉണ്ടായി.

Read more

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലുകളിൽ ഒന്നായിരുന്നു 18 ദിവസം നീണ്ട അഫ്ഗാൻ ദൗത്യം. 123,000 പേരെ അഫ്ഗാനിസ്ഥാനിൽ നിന്നും തിരിച്ചെത്തിച്ചെന്ന് പെന്റഗൺ അറിയിച്ചു.

അമേരിക്കൻ പിന്മാറ്റം വെടിയുതിർത്താണ് താലിബാൻ ആഘോഷിച്ചത്. ചരിത്രദിവസമാണെന്നും ഇനിയും ആരെങ്കിലും അവശേഷിക്കുന്നുവെങ്കിൽ അവരെയും പോകാൻ അനുവദിക്കുമെന്നും താലിബാൻ അറിയിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. 17 ദിവസം നീണ്ട രക്ഷാദൗത്യത്തിൽ പങ്കെടുത്തവർക്ക് ബൈഡൻ നന്ദിയറിയിച്ചു.