ഇറാന്റെ യുറേനിയം ശേഖരം ലക്ഷ്യമിട്ട് പ്രത്യേക സൈനിക നീക്കത്തിന് അമേരിക്കയും ഇസ്രയേലും; പ്രത്യേക യൂണിറ്റിനെ ഇറാനിലേക്ക് അയക്കാന്‍ ആലോചനയെന്ന് റിപ്പോര്‍ട്ട്

ഇറാന്റെ ആണവായുധ മോഹങ്ങള്‍ തടയുന്നതിനായി അവരുടെ യുറേനിയം ശേഖരം ലക്ഷ്യമിട്ട് പ്രത്യേക സൈനിക നീക്കം നടത്താന്‍ അമേരിക്കയും ഇസ്രായേലും ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കുന്നതിനോ നശിപ്പിക്കുന്നതിനോ വേണ്ടി പ്രത്യേക സൈനിക യൂണിറ്റുകളെ ഇറാനിലേക്ക് അയക്കുന്ന കാര്യം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരിഗണിക്കുന്നതായാണ് വിവരം.

യുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ പ്രത്യേക നീക്കത്തിന് തയ്യാറെടുക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നിങ്ങള്‍ അമേരിക്കക്കാരെ കൊന്നാല്‍, ഭൂമിയിലെവിടെയെങ്കിലും അമേരിക്കക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കിയാല്‍ അപലപിക്കുക കൂടി ചെയ്യാതെ മടികൂടാതെയും ഞങ്ങള്‍ നിങ്ങളെ വേട്ടയാടും, കൊല്ലും’ എന്ന് യുഎസ് യുദ്ധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ഇറാനിലേക്ക് വന്‍തോതിലുള്ള സൈനികാക്രമണം നടത്തുന്നതിന് പകരം ചെറിയ പ്രത്യേക സൈനിക സംഘങ്ങളെ ഉപയോഗിച്ചുള്ള മിന്നലാക്രമണമാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഇറാനില്‍ നിന്നും യുറേനിയം നേരിട്ട് കടത്തിക്കൊണ്ടു വരികയോ അല്ലെങ്കില്‍ അവിടെ വെച്ച് തന്നെ ഉപയോഗശൂന്യമാക്കുകയോ ചെയ്യുക എന്നതാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഈ വിഷയത്തില്‍ അന്തിമ തീരുമാനം യുഎസ് പ്രസിഡന്റ്, വാര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, സിഐഎ എന്നിവര്‍ ചേര്‍ന്ന് കൈക്കൊള്ളുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇറാന്റെ പക്കല്‍ നിലവില്‍ 450 കിലോയോളം 60% സമ്പുഷ്ടീകരിച്ച യുറേനിയം ഉണ്ടെന്നാണ് യുഎസിന്റെയും ഇസ്രയേലിന്റെയും വാദം. ഇത് ഉപയോഗിച്ച് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ 11 ആണവ ബോംബുകള്‍ വരെ നിര്‍മ്മിക്കാന്‍ ഇറാനു കഴിയുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളാണ് അമേരിക്കയെയും ഇസ്രായേലിനെയും ഇറാനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചതെന്നാണ് ന്യായീകരണം. ഇറാന്റെ സാമ്പത്തിക സ്രോതസ്സ് തടയുന്നതിനായി എണ്ണ കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാര്‍ഗ് ഐലന്‍ഡ് പിടിച്ചെടുക്കുന്ന കാര്യവും ഗൗരവമായി യുഎസ് പരിഗണിക്കുന്നുണ്ട്.