ഹോര്‍മുസ് കടലിടുക്ക് ഇറാന്റേയും അമേരിക്കയുടേയും നിലപാട് മാറ്റങ്ങള്‍ക്ക് അനുസരിച്ച് അനിശ്ചിതത്വത്തിലാണ്. ലോക രാജ്യങ്ങളിലെ കപ്പലുകള്‍ക്കിടയില്‍ ആശയക്കുഴപ്പം തുടരുകയാണ്. ഇന്ത്യയുടെയും ഗ്രീസിന്റെയും ഉള്‍പ്പെടെ 6 വെസ്സലുകള്‍ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ ഭാഗത്ത് എത്തിയശേഷം യുടേണ്‍ എടുത്തെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വാണിജ്യ കപ്പലുകള്‍ക്കായി ഹോര്‍മുസ് കടലിടുക്ക് ‘പൂര്‍ണ്ണമായും തുറന്നിരിക്കുന്നു’ എന്ന് ഇറാന്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷം, ട്രംപ് നടപടി പ്രശംസിച്ചിരുന്നു. ഹോര്‍മുസ് കടലിടുക്ക് തുറന്നെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ഇന്നലെ പറയുകയും ചെയ്തിരുന്നു. എന്നാല്‍, ഹോര്‍മുസില്‍ ഇറാനിയന്‍ കപ്പലുകളെ തടയുന്ന നടപടി തുടരുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയത് വീണ്ടും പ്രതിസന്ധിയുണ്ടാക്കി. യുഎസിന്റെ ‘ബ്ലോക്കിങ്’ അവസാനിപ്പിക്കുംവരെ ഹോര്‍മുസ് തുറക്കില്ലെന്ന നിലപാടിലേക്ക് ഇറാന്‍ കടന്നുവെന്നാണ് സൂചന.
ഇതോടെ നാല് ഇന്ത്യന്‍ കപ്പലുകളും രണ്ട് ഗ്രീക്ക് കപ്പലുകളും ഹോര്‍മൂസ് കടക്കുന്നതില്‍ പരാജയപ്പെട്ടു. ശനിയാഴ്ച പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്ന്ഇന്ത്യന്‍ എണ്ണ ടാങ്കറുകള്‍ യുടേണ്‍ ചെയ്തതിനാല്‍ സ്ഥിതിഗതികള്‍ ഇപ്പോഴും അസ്വസ്ഥമാണെന്ന് മറൈന്‍ ട്രാഫിക് ഡാറ്റ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തലിന്റെ ശേഷിക്കുന്ന കാലയളവില്‍ വാണിജ്യ കപ്പലുകള്‍ക്കായി ഹോര്‍മുസ് ‘പൂര്‍ണ്ണമായും തുറന്നിരിക്കുന്നു’ എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പ്രഖ്യാപിച്ചിട്ടും നാല് ഇന്ത്യന്‍ കപ്പലുകളും രണ്ട് ഗ്രീക്ക് കപ്പലുകളും സുപ്രധാന ജലപാതയിലൂടെ കടന്നുപോകുന്നതില്‍ നിന്ന് പിന്തിരിഞ്ഞു.
മാത്രമല്ല, കപ്പലുകള്‍ക്ക് ഹോര്‍മുസ് കടക്കാന്‍ ഇറാനിയന്‍ സൈന്യത്തിന്റെ അനുമതി വേണമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇക്കാര്യങ്ങളില്‍ ആശയക്കുഴപ്പം തുടരുന്ന പശ്ചാത്തലത്തിലാണ് കപ്പലുകളുടെ യുടേണ്‍. പശ്ചിമേഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ടാങ്കറുകളാണ് പേര്‍ഷ്യന്‍ കടലില്‍ നങ്കൂരമിട്ടിരിക്കുന്നത്. ഇവയില്‍ എല്ലാം കൂടി 83 ലക്ഷം ബാരല്‍ എണ്ണയുണ്ട്. ഇവ ഹോര്‍മുസ് കടന്നിരുന്നെങ്കില്‍ കഴിഞ്ഞ 2 മാസത്തിനിടെ ഒറ്റദിവസം ഇതുവഴിയുള്ള ഏറ്റവും വലിയ ക്രൂഡ് ഓയില്‍ നീക്കമാകുമായിരുന്നു.
Read more
ഇന്ത്യന്‍ പതാകയുള്ള എണ്ണക്കപ്പലുകളായ സന്‍മാര്‍ ഹെരാള്‍ഡ്, ദേശ് ഗരിമ, ദേശ് വൈഭവ്, ദേശ് വിഭോര്‍, ഗ്രീക്ക് പതാകയുള്ള മിനര്‍വ എവ്‌റോപി, മാര്‍ഷല്‍ ഐലന്‍ഡ് പതാകയുള്ള നിസ്സോസ് കെറോസ് എന്നിവയാണ് ഹോര്‍മുസ് കടക്കാതെ യുടേണ്‍ എടുത്തത്. ഇവയില്‍ മിക്കവയും ഇറാന്റെ ഭാഗത്തെ ഖെഷം ദ്വീപിനടുത്താണുള്ളത്.







