രണ്ട് ടാങ്കറുകള്‍ സൈന്യം പിടിച്ചെടുത്തു, യുഎസ് നടത്തുന്നത് കടല്‍ക്കൊള്ളയെന്ന് ഇറാന്‍; ഹോര്‍മുസില്‍ ഇറാന്‍ വെച്ച ബോംബുകള്‍ നീക്കം ചെയ്യുന്ന ദൗത്യം നാവികസേന തുടരുന്നുവെന്ന് ട്രംപ്

ഇറാനിയന്‍ എണ്ണയുമായി സഞ്ചരിച്ച രണ്ട് ടാങ്കറുകള്‍ യുഎസ് സൈന്യം പിടിച്ചെടുത്തതിനെ ശക്തമായി അപലപിച്ച് ഇറാന്‍. നീക്കത്തെ നിയമപരമായ നടപടിയെന്നാണ് യുഎസ് വിശേഷിപ്പിച്ചത്. നടന്നത് കടല്‍ക്കൊള്ളയും രാജ്യാന്തര നിയമങ്ങളുടെ ലംഘനവുമാണെന്ന് ഇറാന്‍ പറഞ്ഞു. യുഎസ് കടല്‍ക്കൊള്ളയ്ക്ക് നിയമപരമായി അംഗീകാരം നല്‍കുകയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് എസ്‌മൈല്‍ ബാഗ്‌ഹോയ് അറിയിച്ചു.

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍സേന വച്ചിട്ടുള്ള ബോംബുകള്‍ നീക്കം ചെയ്യുന്ന ദൗത്യം യുഎസ് നാവികസേന തുടരുകയാണെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പിന്നാലെ അറിയിച്ചു. കടലിനടിയിലെ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി നീക്കം ചെയ്യാന്‍ കുറഞ്ഞത് 6 മാസമെടുക്കുമെന്ന് യുഎസ് കോണ്‍ഗ്രസ് സമിതിയെ പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചെന്നു വിവരമുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹേഗ്‌സേത്ത് തയാറായില്ലെങ്കിലും ബോംബുനീക്കല്‍ എന്നുതീരുമെന്നു കൃത്യമായി പറയാനാവില്ലെന്നു കൂട്ടിച്ചേര്‍ത്തു.

ഇറാന്‍ വിമാനക്കമ്പനികളുമായി സഹകരിക്കുന്നവരെ ഉപരോധിക്കുമെന്ന ഭീഷണിയുമായും യുഎസ് രംഗത്തുവന്നു. ഇക്കാര്യത്തില്‍ വേണ്ട നടപടിയെടുക്കാന്‍ ലോകരാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ശ്രദ്ധിക്കണമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പറഞ്ഞു. വിമാന ഇന്ധനം, കേറ്ററിങ്, ലാന്‍ഡിങ് ഫീസ്, അറ്റകുറ്റപ്പണികള്‍ തുടങ്ങി ഒരു കാര്യത്തിലും ഇറാന്റെ വിമാനക്കമ്പനികളുമായി സഹകരണം പാടില്ല. ഇറാനെതിരെ പരമാവധി സാമ്പത്തിക സമ്മര്‍ദം യുഎസ് ട്രഷറി ചുമത്തും. ഇറാന്‍ വ്യവസായങ്ങളുമായി ബന്ധപ്പെടുന്ന മൂന്നാമതൊരാള്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്താനും യുഎസിന് മടിയില്ലെന്നും ബെസന്റ് എക്‌സില്‍ കുറിച്ചിരുന്നു.

പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘എന്‍ബിസി ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. നാശനഷ്ടങ്ങളുടെ അളവ് വളരെ വലുതാണെന്നും ഇവ പരിഹരിക്കാന്‍ കോടിക്കണക്കിന് ഡോളര്‍ ചെലവ് വരുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. യുഎസിന്റെ കടുത്ത നടപടികള്‍ക്ക് പിന്നില്‍ നാശനഷ്ടങ്ങളുടെ ഭീമമായ കണക്കുമുണ്ട്.