ഇറാഖിൽ വീണ്ടും റോക്കറ്റ് ആക്രമണം; ബാഗ്ദാദിലെ യു.എസ് എംബസിക്ക് സമീപം രണ്ട് റോക്കറ്റുകള്‍ പതിച്ചു

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ വീണ്ടും റോക്കറ്റ് ആക്രമണം. അമേരിക്കന്‍ നയതന്ത്രകാര്യാലയം സ്ഥിതി ചെയ്യുന്ന ഗ്രീന്‍സോണില്‍ രണ്ട് റോക്കറ്റുകള്‍ പതിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. യുഎസ് എംബസിയുടെ നൂറ് മീറ്റർ ദൂരത്ത് റോക്കറ്റ് പതിച്ചതായാണ് വിവരം. അർദ്ധരാത്രിയോടെയാണ് ആക്രമണം. തുടർച്ചയായി രണ്ട് വലിയ സ്ഫോടനശബ്ദങ്ങൾ ഈ മേഖലയിൽ നിന്ന് കേട്ടതായാണ് റിപ്പോർട്ടുകൾ. ഇതേത്തുടർന്ന് തുടർച്ചയായി സൈറനുകൾ മുഴങ്ങുന്ന ശബ്ദവും കേട്ടു.

“”രണ്ട് കത്യുഷ റോക്കറ്റ് ബാഗ്ദാദിലെ ഗ്രീൻ സോണിൽ പതിച്ചിട്ടുണ്ട്. ആളപായമുള്ളതായി വിവരം കിട്ടിയിട്ടില്ല””, എന്ന് ഇറാഖിലെ സഖ്യസേനാ കമാൻഡർമാർ വ്യക്തമാക്കിയെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

ഇറാഖിൽ അമേരിക്കൻ സൈന്യവും സഖ്യസൈന്യവും തമ്പടിച്ചിരുന്ന അൽ അസദ്, ഇർബിൽ എന്നീ സൈനിക വിമാനത്താവളങ്ങളിൽ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തി ഇരുപത്തിനാല് മണിക്കൂറിനകമാണ് ഇറാൻ വീണ്ടും ഇറാഖിലെ അതീവസുരക്ഷാ മേഖലയിൽ കയറി റോക്കറ്റാക്രമണം നടത്തുന്നത്.

ബാഗ്‍ദാദിലെ ഈ അതീവസുരക്ഷാ മേഖലയിലുണ്ടായ ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. എന്നാൽ വ്യക്തമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടുമില്ല. പക്ഷേ, സഖ്യസേനയുടേതടക്കം മുതിർന്ന ഉദ്യോഗസ്ഥരുടെ ഓഫീസുകളുള്ള എംബസി മേഖലയിലാണ് ആക്രമണമുണ്ടായത് എന്നത് ആശങ്ക കൂട്ടുന്നുണ്ട്. സംഭവത്തെ കുറിച്ച് വൈറ്റ് ഹൗസോ, പെന്റഗണോ പ്രതികരിച്ചിട്ടില്ല.

മധ്യബാഗ്‍ദാദിൽ 2003-ൽ അമേരിക്ക ആക്രമണം നടത്തി സഖ്യസേന പിടിച്ചടക്കിയ ശേഷം നിർമ്മിച്ച അതീവസുരക്ഷാമേഖലയാണിത്. ഇറാഖിൽ മറ്റേതൊരു ഇടത്തേക്കാൾ സുരക്ഷിതമായ ഇടമാണിതെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ, കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ മേഖലയിൽ നടക്കുന്നത് തുടർച്ചയായ ആക്രമണങ്ങളാണ്.

നേരത്തെ യു.എസിന്റെ രണ്ടു സൈനിക താവളങ്ങള്‍ക്കു നേരെ ഇറാന്‍ മിസൈലാക്രമണം നടത്തിയിരുന്നു. ഇര്‍ബില്‍, അല്‍ അസദ് സൈനികാസ്ഥാനങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 80 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അവകാശപ്പെട്ടു. എന്നാല്‍ യു.എസ്. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇത് തള്ളിക്കളഞ്ഞിരുന്നു.