ആദ്യം മുന്നറിയിപ്പ് നല്‍കി, പിന്നെ എഞ്ചിന്‍ റും നശിപ്പിച്ചു; ഇറാനിയന്‍ കപ്പല്‍ അമേരിക്ക പിടിച്ചെടുത്തെന്ന് ട്രംപ്; തിരിച്ചടി നല്‍കുമെന്ന് ഇറാന്‍; 'അമേരിക്കയുടേത് സായുധ കടല്‍ക്കൊള്ള'

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം മറികടക്കാന്‍ ശ്രമിച്ച ഇറാനിയന്‍ പതാകയേന്തിയ കപ്പല്‍ പിടിച്ചെടുത്തെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് നാവികസേനയുടെ യുഎസ്എസ് സ്പ്രുവാന്‍സ് ഒമാന്‍ കടലിടുക്കില്‍ വച്ച് ഇറാന്റെ കപ്പല്‍ തടയുകയും നിര്‍ത്താന്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്തു. എന്നാല്‍ ഇറാന്‍ ക്രൂ അത് കേള്‍ക്കാന്‍ തയ്യാറാകാത്തതോടെ യുഎസ് നാവികക്കപ്പല്‍ അവരെ തടയുകയും എന്‍ജിന്‍ റൂം നശിപ്പിച്ചുകൊണ്ട് കപ്പല്‍ പിടിച്ചെടുക്കുകയും ചെയ്തുവെന്നാണ് ട്രംപ് അറിയിച്ചത്.

‘ഏതാണ്ട് ഒരു വിമാനവാഹിനിക്കപ്പലിനു സമാനമായി 900 അടിയോളം നീളമുള്ള ടൗസ്‌ക എന്ന ഇറാന്‍ പതാക ഘടിപ്പിച്ച ചരക്കുകപ്പല്‍ യുഎസ് ഉപരോധം മറികടക്കാന്‍ ശ്രമിച്ചു. പക്ഷേ അവര്‍ക്കത് നന്നായി ഭവിച്ചില്ല. യുഎസ് നാവികസേനയുടെ യുഎസ്എസ് സ്പ്രുവാന്‍സ് ഒമാന്‍ കടലിടുക്കില്‍ വച്ച് കപ്പല്‍ തടയുകയും നിര്‍ത്താന്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്തു. എന്നാല്‍ ഇറാന്‍ ക്രൂ അത് കേള്‍ക്കാന്‍ തയ്യാറാകാത്തതോടെ യുഎസ് നാവികക്കപ്പല്‍ അവരെ തടയുകയും എന്‍ജിന്‍ റൂം നശിപ്പിച്ചുകൊണ്ട് കപ്പല്‍ പിടിച്ചെടുക്കുകയും ചെയ്തു. നിലവില്‍ യുഎസ് നാവികരുടെ കസ്റ്റഡിയിലാണ് കപ്പല്‍. നിയമവിരുദ്ധമായ പ്രവൃത്തികളില്‍ നേരത്തെയും ഏര്‍പ്പെട്ടിട്ടുള്ള ടൗസ്‌ക യുഎസിന്റെ ഉപരോധപ്പട്ടികയിലുള്ള കപ്പലാണ്. കപ്പലിന്റെ പൂര്‍ണ നിയന്ത്രണം ഇപ്പോള്‍ ഞങ്ങള്‍ക്കാണ്. കപ്പലില്‍ എന്താണ് നടക്കുന്നതെന്ന് ഞങ്ങള്‍ പരിശോധിക്കുകയാണ്’

വിശദമായി ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇറാനിയന്‍ കപ്പല്‍ പിടിച്ചെടുത്തതില്‍ അമേരിക്കയ്ക്ക് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രതികരിച്ചു. അമേരിക്ക നടത്തിയത് വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്നും സായുധ കടല്‍ക്കൊള്ളയാണെന്നും ഇറാന്‍ മിലിട്ടറി കമാന്‍ഡായ ഖതം അല്‍അന്‍ബിയ വക്താവ് പ്രതികരിച്ചു. സംഭവത്തില്‍ ഇറാന്‍ മൗനം പാലിക്കില്ലെന്നും അമേരിക്കയ്ക്ക് ഉചിതമായ മറുപടി നല്‍കുമെന്നും മിലിട്ടറി കമാന്‍ഡ് വക്താവ് വ്യക്തമാക്കി.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചും കടല്‍ക്കൊള്ളയിലൂടെയും അമേരിക്ക ഇറാന്റെ ഒരു ചരക്കുക്കപ്പല്‍ ആക്രമിച്ചിരിക്കുകയാണ്. ഒമാന്‍കടലില്‍വെച്ച് വെടിവെപ്പ് നടത്തിയശേഷമാണ് അമേരിക്ക കപ്പല്‍ പിടിച്ചെടുത്തത്. അമേരിക്കന്‍ മറീനുകള്‍ കപ്പലില്‍ അതിക്രമിച്ചുകയറി നാവിഗേഷന്‍ സംവിധാനമടക്കം പ്രവര്‍ത്തനരഹിതമാക്കി. യുഎസ് സൈന്യത്തിന്റെ ഈ സായുധ കടല്‍ക്കൊള്ളയ്‌ക്കെതിരേ ഇറാന്റെ സായുധ സേന ഉടന്‍ പ്രതികരിക്കും.

ഇതിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് ഇറാന്‍ വക്താവ് പറഞ്ഞത്. ചൈനയില്‍നിന്ന് ഇറാനിലേക്ക് വരുന്നതിനിടെയാണ് അമേരിക്കന്‍ നാവികസേന കപ്പല്‍ തടഞ്ഞതെന്നും ഇറാന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.