ആരോഗ്യനില തൃപ്തികരം, ട്രംപ് ആശുപത്രി വിട്ടു

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ആശുപത്രി വിട്ടു. ആരോഗ്യനില തൃപ്തികരമാണെന്നും, കോവിഡിനെ ഭയപ്പെടേണ്ടെന്നും ട്രംപ് പറഞ്ഞു. വാഷിംഗ്ണിലെ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലായിരുന്നു ട്രംപ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ആശുപത്രിയില്‍ നിന്ന് നേരെ വൈറ്റ് ഹൗസിലേക്കെത്തിയതിന് പിന്നാലെ കോവിഡ് പകരുന്നത് തടയാന്‍ ധരിക്കേണ്ട മുഖാവരണം എടുത്തുമാറ്റിയാണ് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രംപിനും ഭാര്യ മെലനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ സൈനിക ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ട്രംപിനെ ആന്റിബോഡി, സ്റ്റിറോയിഡ് ചികിത്സക്ക്  വിധേയനാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നേരത്തെ ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവും വിശ്വസ്തയുമായ ഹോപ് ഹിക്‌സിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ട്രംപും ഭാര്യ മെലാനിയയും ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതോടെ പരിശോധന നടത്തിയപ്പോഴാണ് ഹോപ് ഹിക്‌സിന് രോഗം സ്ഥിരീകരിച്ചത്.