ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ മേഖലയ്ക്ക് കനത്ത തിരിച്ചടിയായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ തീരുവ പ്രഖ്യാപനം. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ബ്രാൻഡഡ് മരുന്നുകൾക്ക് ഒക്ടോബർ ഒന്നാം തീയതി മുതൽ 100 ശതമാനം വരെ തീരുവയാണ് ട്രംപ് പ്രഖ്യാപിച്ചത്. സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
‘ഒരു കമ്പനി അവരുടെ മരുന്ന് ഉത്പാദന പ്ലാൻ്റ് അമേരിക്കയിൽ സ്ഥാപിക്കുന്നില്ലെങ്കിൽ, 2025 ഒക്ടോബർ ഒന്നാം തീയതി മുതൽ ബ്രാൻഡഡ് അല്ലെങ്കിൽ പേറ്റൻ്റ് നേടിയ എല്ലാ ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾക്കും ഞങ്ങൾ 100 ശതമാനം തീരുവ ചുമത്തും. ഏതെങ്കിലും കമ്പനി അവരുടെ പ്ലാന്റിന്റെ നിർമാണം ഇതിനകം ആരംഭിച്ചിട്ടുണ്ടെങ്കിൽ അവരുടെ ഉത്പന്നങ്ങൾക്ക് തീരുവ ഉണ്ടായിരിക്കില്ല’ – ട്രംപ് സാമൂഹിക മാധ്യമത്തിൽ കുറിച്ചു.
ഇതിന് പുറമേ കിച്ചൻ കാബിനറ്റുകൾ, ബാത്ത്റൂം വാനിറ്റികൾ എന്നിവയ്ക്ക് 50 ശതമാനം തീരുവയും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. അപ്ഹോൾസ്റ്ററി ഫർണിച്ചറുകൾക്ക് 30 ശതമാനവും ഹെവി ട്രക്കുകൾക്ക് 25 ശതമാനവും തീരുവ ചുമത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ മരുന്നുകൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. അമേരിക്കയിൽ ഉപയോഗിക്കുന്ന ജനറിക് മരുന്നുകളിൽ 45 ശതമാനവും ബയോസിമിലർ മരുന്നുകളിൽ 15 ശതമാനവും ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്.
ഡോ. റെഡ്ഡീസ്, ഓറോബിൻഡോ ഫാർമ, സൈഡസ് ലൈഫ് സയൻസസ്, സൺ ഫാർമ, ഗ്ലാൻഡ് ഫാർമ തുടങ്ങിയ കമ്പനികളുടെ വരുമാനത്തിന്റെ 30-50 ശതമാനവും അമേരിക്കൻ വിപണിയിൽ നിന്നാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയുടെ ഫാർമ മേഖലയിൽ 27.9 ബില്യൺ ഡോളറിൻ്റെ കയറ്റുമതിയാണുണ്ടായത്. ഇതിൽ 31 ശതമാനവും (8.7 ബില്യൺ ഡോളർ, ഏകദേശം 77,231 കോടി രൂപ) അമേരിക്കയിലേക്കായിരുന്നു. 2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ മാത്രം 3.7 ബില്യൺ ഡോളറിൻ്റെ (32,505 കോടി രൂപ) ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളാണ് ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്തത്.
അതിനാൽതന്നെ ട്രംപിന്റെ പുതിയ തീരുവ പ്രഖ്യാപനം ഇന്ത്യയിലെ ഫാർമ മേഖലയെ വലിയ തോതിൽ ബാധിച്ചേക്കും. അതേസമയം, പുതിയ തീരുവകൾ പ്രഖ്യാപിച്ചെങ്കിലും ഇതുസംബന്ധിച്ച നിയമവശങ്ങളോ കൂടുതൽ വിവരങ്ങളോ അദ്ദേഹം പങ്കുവെച്ചിട്ടില്ല.







