ലോകത്ത് ഏറ്റവും കൂടുതല്‍ മലിനീകരണമുണ്ടാക്കുന്നത് ഇന്ത്യയും ചൈനയും; ഇന്ത്യയിലെ നഗരങ്ങളില്‍ ശുദ്ധവായുവും ശുദ്ധജലവുമില്ലെന്നും ട്രംപ്

ലോകത്ത് ഏറ്റവും കൂടുതല്‍ മലിനീകരണമുണ്ടാക്കുന്നത് ഇന്ത്യയും ചൈനയും റഷ്യയുമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഈ രാജ്യങ്ങളില്‍ ശുദ്ധവായുവോ ശുദ്ധജലമോ ഇല്ല. അവിടങ്ങളിലെ നഗരങ്ങളില്‍ ചെന്നാല്‍ ശ്വസിക്കാന്‍ പോലും കഴിയില്ലെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഈ രാജ്യങ്ങള്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ലണ്ടന്‍ സന്ദര്‍ശനത്തിനിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്

അതേസമയം യു.എസിലാണ് ഏറ്റവും ശുദ്ധമായ വായുവുള്ളതെന്നും അദ്ദേഹം വാദിച്ചു. 2017-ല്‍ യു.എസ് പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നു പിന്മാറിയ സമയത്ത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ട്രംപ് വിമര്‍ശിച്ചിരുന്നു.

രണ്ടാം ലോക മഹായുദ്ധകാലത്തെ “ഡി-ഡേ ലാന്‍ഡിംഗ്സി”ന്റെ 75-ാം വാര്‍ഷികം ആചരിക്കുന്നതിനു വേണ്ടിയാണ് ട്രംപ് ലണ്ടനിലെത്തിയത്. അവിടെ വെച്ച് എലിസബത്ത് രാജ്ഞി, ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മക്രോണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജെല മെര്‍ക്കല്‍, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് ട്രംപ് അയര്‍ലന്‍ഡിലേക്കു മടങ്ങി.