പകരംതീരുവ കേസില്‍ സുപ്രീം കോടതിയിലും തോറ്റ ട്രംപ് ഭരണകൂടം തീരുവയുദ്ധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഇന്ത്യയ്ക്കുമേല്‍ ഉള്‍പ്പെടെ പുതിയ അന്വേഷണം തുടങ്ങി. ഇന്ത്യ, ചൈന, യൂറോപ്യന്‍ യൂണിയന്‍, മെക്‌സിക്കോ തുടങ്ങി 16 വ്യാപാര പങ്കാളികള്‍ക്കുമേല്‍ പകരംതീരുവ പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ നീക്കത്തിലേക്ക് കടന്നിരിക്കുകയാണ് ട്രംപ് ഭരണകൂടം. അമേരിക്കന്‍ താത്പര്യം സംരക്ഷിക്കാന്‍ എന്ന മട്ടില്‍ വിദേശ രാജ്യങ്ങളിലെ അമിത വ്യാവസായിക ഉല്‍പ്പാദനവും തൊഴിലാളി ചൂഷണവും തടയുക എന്ന കാരണം നിരത്തി കൂടുതല്‍ നികുതി ചുമത്താനാണ് ട്രംപ് ഭരണകൂടം ഇറങ്ങിയിരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പരിധിയിലധികം ഉല്‍പാദനം നടത്തി കയറ്റുമതി നേട്ടമുണ്ടാക്കിയോ? സര്‍ക്കാര്‍ അനാവശ്യമായി സബ്‌സിഡി ആനുകൂല്യങ്ങള്‍ നല്‍കി ആഭ്യന്തര ഉല്‍പാദനം പ്രോത്സാഹിപ്പിച്ചോ? തൊഴില്‍-പാരിസ്ഥിതിക ചട്ടങ്ങള്‍ ലംഘിച്ചോ തുടങ്ങിയ കാര്യങ്ങളാണ് യുഎസ് അന്വേഷിക്കുന്നത്.
കയറ്റുമതിയെ മാത്രം ആശ്രയിച്ചു കഴിയുന്ന രാജ്യങ്ങളിലെ അമിത വ്യാവസായിക ഉല്‍പ്പാദനത്തെയാണ് അമേരിക്ക ലക്ഷ്യമിടുന്നത്. സബ്‌സിഡികള്‍ നല്‍കി കുറഞ്ഞ വിലയിലുള്ള ഉല്‍പ്പന്നങ്ങള്‍ ആഗോള വിപണിയില്‍ എത്തിക്കുന്നത് അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ക്ക് തിരിച്ചടിയാകുന്നു എന്ന യുഎസ് അധികൃതരുടെ വാദം. ആഗോള വിപണിയിലെ ആവശ്യകതയ്ക്ക് അനുസരിച്ചല്ല പല വ്യാപാര പങ്കാളികളും ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതെന്നാണ് യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ജാമിസണ്‍ ഗ്രീര്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തിയത്. അന്യായമായ വ്യാപാര ഇടപാടുകളിലൂടെ വരുമാന, ലാഭനേട്ടങ്ങളുണ്ടാക്കിയോ എന്നാണ് രാജ്യങ്ങളുടെ മേല്‍ യുഎസ് അന്വേഷിക്കുന്നത്. 60ഓളം രാജ്യങ്ങള്‍ക്കുമേല്‍ അന്വേഷണം വ്യാപിപ്പിക്കുമെന്ന് യുഎസ് ട്രേഡ് റപ്രസന്റേറ്റീവ് ജേമിസണ്‍ ഗ്രീര്‍ പറഞ്ഞു.
ചൈന, ഇന്ത്യ, ജപ്പാന്‍, മെക്സിക്കോ, ദക്ഷിണ കൊറിയ, വിയറ്റ്‌നാം എന്നിവയുള്‍പ്പെടെയുള്ള അമേരിക്കയുടെ പ്രധാന വ്യാപാര പങ്കാളികളെയും 27 രാജ്യങ്ങള്‍ ഉള്‍പ്പെട്ട യൂറോപ്യന്‍ യൂണിയനെയും ഈ തീരുമാനം പ്രധാനമായും ബാധിക്കാം. ഇന്ത്യയടക്കം ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് മേല്‍ ഉയര്‍ന്ന നികുതി ചുമത്തുന്നതിലേക്കാണ് ട്രംപ് നീങ്ങുന്നത്. 1974ലെ ട്രേഡ് ആക്ട് സെക്ഷന്‍ 301 പ്രകാരമാണ് അന്വേഷണം. ട്രംപിന്റെ വ്യാപാരനയങ്ങളില്‍ മാറ്റമില്ലെന്നും ഏതെങ്കിലും രാജ്യം അന്യായമായ നേട്ടമുണ്ടാക്കിയെന്ന് കണ്ടെത്തിയാല്‍ സെക്ഷന്‍ 301 പ്രകാരം പകരംതീരുവ പുനഃസ്ഥാപിക്കാനാകുമെന്നും ഗ്രീര്‍ സൂചിപ്പിച്ചു. അമേരിക്കയിലെ തൊഴിലുകളുടെ സംരക്ഷണവും അമേരിക്കയുമായി മറ്റ് രാജ്യങ്ങള്‍ നീതിപൂര്‍വമാണ് വ്യാപാര ഇടപെടലുകള്‍ നടത്തുന്നതെന്ന് ഉറപ്പാക്കലുമാണ് അന്വേഷണത്തിന്റെ ലക്ഷ്യമെന്ന് പറഞ്ഞാണ് സുപ്രീം കോടതി വിധിയെ മറികടക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം.
ജപ്പാന്‍, തായ്‌വാന്‍, വിയറ്റ്‌നാം, ബംഗ്ലദേശ്, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വേ, ഇന്തൊനീഷ്യ, മലേഷ്യ, കംബോഡിയ, തായ്‌ലന്‍ഡ് എന്നിവയുമാണ് അന്വേഷണം നേരിടുന്നത്. ട്രംപ് ഇന്ത്യയ്ക്കുമേല്‍ ഉള്‍പ്പെടെ ചുമത്തിയ പകരംതീരുവ യുഎസ് സുപ്രീം കോടതി നേരത്തെ റദ്ദാക്കിയിരുന്നു. പകരംതീരുവ നിയമവിരുദ്ധമാണെന്നും ട്രംപിന്റേത് ഇല്ലാത്ത അധികാര പ്രയോഗമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതി വിധി. ഇതുവരെ വാങ്ങിയ പകരംതീരുവയെല്ലാം റീഫണ്ട് ചെയ്യേണ്ട സ്ഥിതിയിലുമാണ് ട്രംപ് ഭരണകൂടം. കോടതി വിധിക്കുപിന്നാലെ ട്രംപ് എല്ലാ രാജ്യങ്ങള്‍ക്കുംമേല്‍ ട്രേഡ് ആക്ടിലെ സെക്ഷന്‍ 122 പ്രകാരം 150 ദിവസത്തേക്ക് 10% പകരംതീരുവ പ്രഖ്യാപിച്ചിരുന്നു. പിന്നീടിത് 15 ശതമാനത്തിലേക്ക് ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പായിട്ടില്ല. 10% തന്നെയാണ് ബാധകം.
Read more
ഇന്ത്യയ്ക്കുമേലുള്ള തീരുവയും 50 ശതമാനത്തില്‍ നിന്ന് 10 ശതമാനത്തിലേക്ക് കുറഞ്ഞിട്ടുണ്ട്. വ്യാപാരക്കരാര്‍ പ്രഖ്യാപനത്തിന്റെ ഭാഗമായി ഇന്ത്യയ്ക്കുമേലുള്ള 25% പിഴച്ചുങ്കം ട്രംപ് എടുത്തുകളഞ്ഞിരുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ചുമത്തിയ പിഴച്ചുങ്കമായിരുന്നു ഇത്. 25% പകരംതീരുവ 18 ശതമാനത്തിലേക്കും കുറച്ചിരുന്നു. എന്നാല്‍, സുപ്രീം കോടതി വിധിയോടെ ഇതെല്ലാം അസാധുവായി. ഇപ്പോള്‍ 10 ശതമാനമാണ് ആകെ ബാധകം. അതേസമയം, അടുത്ത ഓഗസ്റ്റിനകം പകരംതീരുവ പൂര്‍ണമായും തിരിച്ചുകൊണ്ടുവരുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രഖ്യാപനം.







