ചൈനീസ് പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; നടപടി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം

ചൈനീസ് പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുന്നത് അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2020ല്‍ ആയിരുന്നു ഇന്ത്യ താത്കാലികമായി ചൈനയില്‍നിന്നുള്ളവര്‍ക്ക് വിസ അനുവദിക്കുന്നത് അവസാനിപ്പിച്ചത്. തുടര്‍ന്നുള്ള അഞ്ച് വര്‍ഷവും വിസ അനുവദിച്ചിരുന്നില്ല.

ജൂലായ് 24 മുതല്‍ ചൈനീസ് പൗരന്മാര്‍ക്ക് വിസ അനുവദിക്കുമെന്ന് ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ചൈനീസ് പൗരന്മാര്‍ക്ക് ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ് വിസയ്ക്കായി ഇനിമുതല്‍ അപേക്ഷിക്കാമെന്നാണ് ചൈനയിലെ ഇന്ത്യന്‍ എംബസിയുടെ പുതിയ അറിയിപ്പ്. ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയശേഷം ചൈനയില്‍ വിവിധയിടങ്ങളിലുള്ള ഇന്ത്യന്‍ വിസ അപേക്ഷാ കേന്ദ്രങ്ങളിലെത്തി പാസ്‌പോര്‍ട്ടും മറ്റുരേഖകളും സമര്‍പ്പിക്കണമെന്നും എംബസി വ്യക്തമാക്കി.

Read more

2020-ലെ ഗാല്‍വാന്‍ സംഘര്‍ഷത്തിന്റെയും പിന്നീടുണ്ടായ കോവിഡ് വ്യാപനത്തിന്റെയും പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളിലേക്കുമുള്ള യാത്രകള്‍ ഏറെക്കാലം തടസപ്പെട്ടിരുന്നു. പിന്നീട് ചൈന, ഇന്ത്യയില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും വ്യാപാരികള്‍ക്കും വിസ അനുവദിക്കുന്നത് ഘട്ടംഘട്ടമായി പുനരാരംഭിച്ചിരുന്നു.