മോഷണത്തിനിടെ ഒരു സിഗററ്റ് വലിച്ചതേ ഓർമ്മയുള്ളു; പിന്നെ നടന്നത് വൻ ട്വിസ്റ്റ്

മോഷണത്തിനിടെ കള്ളന്മാർ പിടിക്കപ്പെടുന്ന നിരവധി സംഭവങ്ങൾ നാം കേട്ടിട്ടുണ്ട്. എന്നാൽ രസകരമായ ഒരു സംഭവമാണ് ഇപ്പോൾ ചൈനയിൽ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൽപ്പിടുത്തമോ, ആക്രമ സംഭവങ്ങളോ ഇല്ലാതെ താൻ പോലും അറിയാതെ കള്ളൻ പിടിക്കപ്പെടുകയായിരുന്നു യുനാൻ പ്രവിശ്യയിലെ ഒരു വീട്ടിൽ നിന്നും.

നേരത്തെ കണ്ട് വച്ച വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ മോഷ്ടാവിനായിരുന്നു അപ്രതീക്ഷിതമായി തിരിച്ചടി കിട്ടിയത്. മോഷ്ടിക്കാൻ കറിയ വീട്ടിൽ വീട്ടുടമസ്ഥന്‍ നല്ല ഉറക്കത്തിലാണെന്ന് മനസിലാക്കിയ മോഷ്ടാവ്, തനിക്ക് ധാരാളം സമയമുണ്ടെന്ന് കരുതി. അങ്ങനെ വീട്ടിലെ ഓരോ മുറിയും പരതി നടന്നു. ഇടയ്ക്ക് വീട്ടില്‍ നിന്നും ലഭിച്ച ഒരു സിഗരറ്റ് എടുത്ത് അയാള്‍ കത്തിച്ചു.

സിഗരറ്റ് വലിച്ച സുഖത്തിൽ മോഷ്ടാവ് സുഖമായി ഉറങ്ങുകയായിരുന്നു. വീടിന്‍റെ ഒരു മൂലയില്‍ കിടന്ന് ഉറങ്ങുകയും ഉറക്കത്തില്‍ നന്നായി കൂര്‍ക്കം വലിക്കുകയും ചെയ്തെന്നും സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉച്ചത്തിലുള്ള കൂർക്കം വലിയാണ് എട്ടിന്റെ പണിയായത്. കൂര്‍ക്കം വലി കേട്ട വീട്ടുകാര്‍ അത് അയല്‍വാസിയുടെതാണെന്ന് കരുതി ആദ്യം ശ്രദ്ധിക്കാന്‍ പോയില്ല.

എന്നാല്‍ അൽപ സമയത്തിന് ശേഷം വീട്ടുടമസ്ഥന്‍റെ ഭാര്യ കുഞ്ഞിന് പാല്‍ കൊടുക്കാനായി കുപ്പിയെടുക്കാന്‍ അടുക്കളയിലേക്ക് പോയപ്പോള്‍ കൂര്‍ക്കം വലി സ്വന്തം വീട്ടില്‍ നിന്നാണെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിനകത്ത് ഒരാൽ കിടന്ന് കൂർക്കം വലിച്ച് ഉറങ്ങുന്നത് കണ്ടത്. ഉടനെ തന്നെ പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തിയപ്പോഴും മോഷ്ടാവ് സുഖമായി കിടന്ന് ഉറങ്ങുകയായിരുന്നു.

തുടര്‍ന്ന് പോലീസ് വിളിച്ചപ്പോഴാണ് മോഷ്ടാവ് ഉണര്‍ന്നത്. അവിടെ വച്ച് തന്നെ മോഷ്ടാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാള്‍ നേരത്തെയും മോഷണകുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണെന്ന് പോലീസ് പറഞ്ഞു. നവംബര്‍ എട്ടിനാണ് വിചിത്രമായ ഈ സംഭവം അരങ്ങേറിയത്.