ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇരട്ട നിലപാടില്ല, വിട്ടുവീഴ്ചയുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇരട്ട നിലപാടില്ല, വിട്ടുവീഴ്ചയുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയില്‍ പറഞ്ഞു. ഭീകരതയോടുള്ള ഇന്ത്യയുടെ സമീപനത്തെക്കുറിച്ച് മലേഷ്യന്‍ സന്ദര്‍ശനവേളയിലാണ് നരേന്ദ്ര മോദി വ്യക്തമാക്കിയത്. മലേഷ്യയില്‍ നടത്തിയ പ്രസംഗത്തിലാണ് ഭീകരതയ്ക്ക് എതിരെ ശക്തമായ സന്ദേശം പ്രധാനമന്ത്രി നല്‍കിയത്.

മലേഷ്യന്‍ പ്രധാനമന്ത്രിയുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ പ്രതിരോധം, സുരക്ഷ, സെമികണ്ടക്ടര്‍, വ്യാപാരം എന്നീ മേഖലകളിലെ സഹകരണം കൂടുതല്‍ ആഴത്തിലാക്കാനും ഇരുരാജ്യങ്ങളും ധാരണയിലെത്തി.

”ഇന്ത്യയും മലേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതല്‍ സമഗ്രമാക്കും. സുരക്ഷയ്ക്കു പുറമേ, സാങ്കേതികവിദ്യകളെ കുറിച്ചും സാമ്പത്തിക സഹകരണത്തെയും കുറിച്ചും ചര്‍ച്ചകള്‍ നടന്നു. നിര്‍ണായകമായ മേഖലകളില്‍ ഇന്ത്യയും മലേഷ്യയും അടുത്തു പ്രവര്‍ത്തിക്കും. എഐ, ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ക്കൊപ്പം, സെമികണ്ടക്ടര്‍, ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിലും ഇരുരാജ്യങ്ങളും ഒരുമിച്ച് മുന്നോട്ട് പോകും.

Read more

ലോകത്തിന്റെ വളര്‍ച്ചാ എന്‍ജിനായി ഇന്തോ-പസഫിക് മേഖല ഉയര്‍ന്നുവരികയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ പ്രത്യേക ബന്ധമാണ് ഉള്ളത്. തങ്ങള്‍ സമുദ്രമേഖലയിലെ അയല്‍ക്കാരാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. നൂറ്റാണ്ടുകളായി, നമ്മുടെ ജനങ്ങള്‍ക്കിടയില്‍ ആഴമേറിയതും സ്‌നേഹനിര്‍ഭരവുമായ ബന്ധങ്ങളുണ്ടെന്നും മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിനോട് മോദി പറഞ്ഞു.