പരമോന്നത നേതാവ് ജീവനോടെയില്ല, ഉന്നതനേതൃത്വത്തെ പൂർണമായി ഇല്ലാതാക്കി; ഇറാൻ്റെ ഭരണസംവിധാനം തകർന്നതായി ട്രംപ്

ഇറാനിലെ ഉന്നതനേതൃത്വത്തെ പൂർണമായി ഇല്ലാതാക്കിയെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. രാജ്യം കടുത്ത അനിശ്ചിതത്വത്തിലാണ്. ഇറാൻ്റെ പരമോന്നത നേതാവ് ജീവനോടെയില്ലെന്നും രാജ്യത്തിൻ്റെ ഭരണസംവിധാനം തകർന്നതായും ട്രംപ് അവകാശപ്പെട്ടു. മിയാമിയിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻ്റ് ഇനീഷ്യേറ്റീവ് പ്രിയോറിറ്റി ഉച്ചകോടിയിൽ സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്.

ഇറാന്റെ പരമോന്നത നേതാവ് ഇനി പരമോന്നതനല്ലെന്നും അദ്ദേഹം മരിച്ചുവെന്നും വ്യക്തമാക്കിയ ട്രംപ്, പിൻഗാമിയായി പ്രഖ്യാപിക്കപ്പെട്ട ആയത്തുള്ള മുജ്തബ ഖമേനിയും കൊല്ലപ്പെടുകയോ അല്ലെങ്കിൽ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടാകാമെന്ന സൂചനയും നൽകി. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളും ആശയവിനിമയ ശൃംഖലകളും പൂർണമായി തകർക്കപ്പെട്ടുവെന്നും സൈനിക ഉദ്യോഗസ്ഥരെല്ലാം വധിക്കപ്പെട്ടുവെന്നും ട്രംപ് പരിഹാസരൂപേണ പറഞ്ഞു.

ഫെബ്രുവരി 28-ന് തുടങ്ങിയ യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ, അമേരിക്കൻ സൈനിക നീക്കങ്ങൾ പ്രതീക്ഷിച്ചതിലും വലിയ വിജയമാണെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ നാവികസേന കടലിന്റെ അടിത്തട്ടിലാണെന്നും വ്യോമസേന പൂർണമായും ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. മിസൈൽ ശേഖരങ്ങളും ഡ്രോൺ ഉൽപ്പാദന കേന്ദ്രങ്ങളും തകർക്കപ്പെട്ടതോടെ ഇറാന്റെ പ്രതിരോധ മേഖല നിശ്ചലമായിരിക്കുകയാണ്.