അമേരിക്ക കരയുദ്ധത്തിന് തയ്യാറെടുക്കുന്നു; പശ്ചിമേഷ്യയിലേക്ക് സൈനികരെ എത്തിച്ചേക്കും

ഇറാനെതിരെ നടക്കുന്ന യുദ്ധം തുടങ്ങിയിട്ട് ഒരു മാസം തികഞ്ഞു. ഇപ്പോഴിതാ ഇറാനെതിരെ അമേരിക്ക കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇറാന് പിന്തുണയുമായി ഇസ്രയേലിന് എതിരെ ഹൂതികളും ആക്രമണം ശക്തമാക്കി. ചെങ്കടലിലെ ചരക്ക് നീക്കത്തെയും യുദ്ധം ബാധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.

യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെയാണ് ഇറാനില്‍ കര യുദ്ധത്തിന് അമേരിക്ക തയ്യാറെടുക്കുന്നു എന്നതിന്റെ സൂചനകളും പുറത്തു വരുന്നത്. പശ്ചിമേഷ്യയിലേക്ക് 10,000 സൈനികരെ എത്തിക്കാനുള്ള നീക്കത്തിലാണ് അമേരിക്ക. കരയുദ്ധത്തിന് മുന്നോടിയായാണ് സൈനിക നീക്കമെന്നാണ് വിലയിരുത്തല്‍.

ഇറാനില്‍ ഇന്നലെ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പുറത്തുവിട്ടു. ഇറാന്‍ ദയ അര്‍ഹിക്കുന്നില്ലെന്നും ശക്തമായ ആക്രമണം നടത്തുമെന്നും യുഎസ് യുദ്ധ വകുപ്പ് സെക്രട്ടറി പീറ്റ് ഹെഗ്‌സേത് വ്യക്തമാക്കി. ഇറാനെതിരേ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേലും അറിയിച്ചു.