സിന്ധു നദിയില്‍ വെള്ളം ഒഴുകും അല്ലെങ്കില്‍ ചോര ഒഴുകും; പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നത് സ്വന്തം ബലഹീനതകള്‍ മറച്ചുവയ്ക്കാനാണെന്ന് ബിലാവല്‍ ഭൂട്ടോ സര്‍ദാരി

സിന്ധു നദിയില്‍ വെള്ളം ഒഴുകും അല്ലെങ്കില്‍ ചോര ഒഴുകുമെന്ന് പാകിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി. സുക്കൂറില്‍ നടന്ന പൊതുപരിപാടിയിലാണ് വിദ്വേഷ പ്രസംഗവുമായി ബിലാവല്‍ ഭൂട്ടോ സര്‍ദാരി രംഗത്തെത്തിയത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യ പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നത് സ്വന്തം ബലഹീനതകള്‍ മറച്ചുവയ്ക്കാനാണെന്നും ബിലാവല്‍ ഭൂട്ടോ കൂട്ടിച്ചേര്‍ത്തു.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതില്‍ പ്രതികരിക്കുകയായിരുന്നു പാകിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രി. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു നാഗരികതയുടെ അവകാശികളാണെന്ന് മോദി പറയുന്നു. എന്നാല്‍ ആ നാഗരികത ലാര്‍ക്കാനയിലെ മോഹന്‍ജൊ ദാരോയിലാണ്. തങ്ങള്‍ അതിന്റെ യഥാര്‍ത്ഥ സംരക്ഷകരാണെന്നും ബിലാവല്‍ ഭൂട്ടോ സര്‍ദാരി പറയുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യ പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നത് സ്വന്തം ബലഹീനതകള്‍ മറച്ചുവയ്ക്കാനാണ്. ജനങ്ങളെ വഞ്ചിക്കാനായി മോദി തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. സിന്ധു നദി ജല കരാര്‍ ഏകപക്ഷീയമായി താത്കാലികമായി മരവിപ്പിക്കുകയാണ് മോദി ചെയ്തത്. സിന്ധു നദി തങ്ങളുടേതാണെന്നും അത് തങ്ങളുടേതായി തുടരുമെന്നും താന്‍ ഇന്ത്യയോട് പറയാന്‍ ആഗ്രഹിക്കുന്നുവെന്നും ബിലാവല്‍ ഭൂട്ടോ സര്‍ദാരി പറഞ്ഞു.