ഗാസയിലെ യുദ്ധം അവസാനിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ മുന്‍കൈ എടുത്ത് അവസാനിപ്പിക്കുന്ന എട്ടാമത്തെ യുദ്ധമാണിതെന്നും ട്രംപ് പറഞ്ഞു. ഇസ്രയേല്‍ യാത്രയ്ക്കായി എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. അതേസമയം ഇന്ത്യ-പാകിസ്താന് സംഘര്‍ഷത്തെ കുറിച്ചും ട്രംപ് വീണ്ടും ഓര്‍മിപ്പിച്ചു.
യുദ്ധം അവസാനിച്ചുവെന്ന് പറയാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇതുവരെ തയ്യാറായിട്ടില്ലെന്ന് ഒരു റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ ‘യുദ്ധം അവസാനിച്ചു’ എന്നായിരുന്നു ട്രംപിന്റെ മറുപടി. കാലങ്ങളായി നിലനില്‍ക്കുന്ന നിരവധി ആഗോള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതില്‍ താന്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും ട്രംപ് ആവര്‍ത്തിച്ചു.
അതേസമയം പാകിസ്ഥാനും അഫ്ഗാനിസ്താനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തെക്കുറിച്ചും ട്രംപ് പരാമര്‍ശിച്ചു. തിരിച്ചെത്തിയാല്‍ ഈ വിഷയം ഏറ്റെടുക്കാമെന്ന് പറഞ്ഞ ട്രംപ് ‘യുദ്ധങ്ങള്‍ പരിഹരിക്കുന്നതില്‍’ തനിക്കുള്ള കഴിവില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ‘ഞാന്‍ പരിഹരിക്കുന്ന എട്ടാമത്തെ യുദ്ധമാണിത്. പാകിസ്താനും അഫ്ഗാനിസ്താനും ഇടയില്‍ ഇപ്പോള്‍ ഒരു യുദ്ധം നടക്കുന്നുണ്ടെന്ന് ഞാന്‍ കേള്‍ക്കുന്നു. ഞാന്‍ തിരിച്ചുവരുന്നതുവരെ കാത്തിരിക്കേണ്ടി വരും. ഞാന്‍ മറ്റൊരെണ്ണം ചെയ്യുകയാണ്. കാരണം യുദ്ധങ്ങള്‍ പരിഹരിക്കുന്നതില്‍ എനിക്ക് മിടുക്കുണ്ട്’ ട്രംപ് പറഞ്ഞു.







