തായ്‌ലൻഡും കംബോഡിയയും തമ്മിൽ സംഘർഷം രൂക്ഷമാകുന്നു. കംബോഡിയയുമായുള്ള അതിർത്തി തായ്‌ലൻഡ് അടച്ചു. ഒരു രാജ്യങ്ങളും തമ്മിൽ സൈനിക തലത്തിലുള്ള ഏറ്റമുട്ടൽ ആരംഭിച്ചു. കംബോഡിയയുടെ റോക്കറ്റ് ആക്രമണത്തിൽ ഒമ്പത് സാധാരണക്കാർ കൊല്ലപ്പെട്ടെന്നാണ് തായ്‌ലൻഡ് പറയുന്നത്. 14 പേർക്ക് പരിക്കേറ്റതായും തായ് സൈന്യം വ്യക്തമാക്കി.
കംബോഡിയ സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമിക്കുകയാണെന്ന് തായ്‌ലൻഡ് കുറ്റപ്പെടുത്തി. വ്യാഴാഴ്‌ച രാവിലെ മുതലാണ് അതിർത്തിയിൽ സംഘർഷം രൂക്ഷമായത്. ഇരുരാജ്യങ്ങളും തമ്മിൽ ഏറെക്കാലമായി തർക്കത്തിലുള്ള സുരിൻ പ്രവിശ്യയിലെ താ മുൻ തോം ടെംപിളിന് സമീപമാണ് ആദ്യത്തെ ആക്രമണം ഉണ്ടായത്. ഇവിടേക്ക് കംബോഡിയ പീരങ്കി ആക്രമണവും റോക്കറ്റ് ആക്രമണവും നടത്തി. പിന്നാലെ തായ് സൈന്യം പ്രത്യാക്രമണം നടത്തി.
രാവിവെ 8:20ന് കംബോഡിയ മൂ പായിലെ തായ് സൈനിക കേന്ദ്രത്തിലേക്ക് ആക്രമണം നടത്തിയതോടെ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് കംബോഡയിയിൽ തായ് സൈന്യം ആക്രമണം നടത്തി. കഴിഞ്ഞ ദിവസം കുഴിബോംബ് സ്ഫോടനത്തിൽ രണ്ട് തായ് സൈനികർക്ക് പരിക്കേറ്റിരുന്നു. ഇതിൽ ഒരാളുടെ കാലുകൾ സ്ഫോടനത്തിൽ നഷ്ടമായി. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിൽ ബന്ധം വഷളായിരുന്നു.
Read more
കംബോഡിയയുടെ സ്ഥലങ്ങൾ പിടിച്ചെടുക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് കംബോഡിയൻ സൈന്യം ആരോപിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായതിനെ തുടർന്ന് പരസ്പ്പരം നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക തലത്തിലുള്ള ഏറ്റമുട്ടൽ ആരംഭിച്ചത്.







