പൊതുജനങ്ങൾക്ക് നേരെ വെടിയുതിർത്ത് തായ് സൈനികൻ; പത്തിലധികം പേർ കൊല്ലപ്പെട്ടതായി തായ്‌ലാൻഡ് പൊലീസ്

തായ്‌ലാൻഡിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള നഖോൺ രത്‌ചസിമയിൽ ശനിയാഴ്ച ഒരു തായ് സൈനികൻ നടത്തിയ വെടിവയ്പിൽ പത്തിലധികം പേർ കൊല്ലപ്പെട്ടു.

ബാങ്കോക്കിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ സൈനികൻ വെടിയുതിർത്തതായി പൊലീസ് വക്താവ് കിസാന ഫതനാചറോൺ മാധ്യമപ്രവർത്തകർക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു.

വെടിവച്ചയാളെ ഒരു ഷോപ്പിംഗ് മാളിലാണ്‌ കണ്ടത്, ഇതുവരെ പ്രതിയെ പിടികൂടിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ഒരു ഷോപ്പിംഗ് മാളിന് മുന്നിൽ സൈനികൻ കാറിൽ നിന്നിറങ്ങി നിരവധി തവണ വെടിവയ്ക്കുകയും പരിഭ്രാന്തരായ ആളുകൾ ഓടുന്നതിന്റെയും ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ കാണിച്ചു. വെടിവയ്പ്പിന്റെ ശബ്ദം വീഡിയോയിൽ കേൾക്കാം.

ഒരു ട്വിറ്റർ ഉപയോക്താവ് സംഭവത്തിന്റെ ഒരു വീഡിയോ പോസ്റ്റ് ചെയ്തു.

സൈനികൻ തന്റെ സൈനിക കമാൻഡറേയും മറ്റ് രണ്ട് പേരെയും സൈനിക ക്യാമ്പിനുള്ളിൽ വെടിവച്ചു കൊന്ന ശേഷം മോഷ്ടിച്ച ഹം‌വി കാറിൽ രക്ഷപെടുകയായിരുന്നു. പിന്നീട് ഇയാൾ മുവാങ് ജില്ലയിലെ ടെർമിനൽ 21 ഷോപ്പിംഗ് മാളിലേക്കുള്ള വഴിയിൽ പൊതുജനങ്ങൾക്ക് നേരെ വെടിയുതിർത്തു. ഇവിടെ ഇയാൾ ആളുകളെ ബന്ദികളാക്കിയിരിക്കുന്നതായാണ് റിപ്പോർട്ടുകൾ.

അക്രമി തന്റെ പ്രവർത്തനങ്ങൾ മാളിൽ വച്ച് ഫേസ്ബുക്ക് ലൈവിൽ സ്ട്രീം ചെയ്യുകയും ഒരു റൈഫിൾ കൈവശം വച്ചുകൊണ്ട് സെൽഫി എടുക്കുകയും ചെയ്തു. “വളരെ അധികം മടുത്തു,” അദ്ദേഹം രാത്രി 7.20 ന് കുറിച്ചു.

സൂറതമ്പിതക് സൈനിക ക്യാമ്പിലെ സൈനികൻ ജക്രപന്ത് തോമ്മയാണ് അക്രമി എന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസും സൈനികരും എന്ന് രണ്ടാം കരസേനാ റീജിയന്റെ കമാൻഡർ ലഫ്റ്റനന്റ് ജനറൽ തന്യ ക്രിയാറ്റിസാർൻ പറഞ്ഞു.