ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടി സര്‍ക്കാര്‍ രൂപവത്കരണത്തിനൊരുങ്ങുകയാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി. ബംഗ്ലാദേശ് മുന്‍പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനും ബിഎന്‍പിയുടെ ആക്ടിങ് ചെയര്‍മാനുമായ താരിഖ് റഹ്‌മാനാണ് പ്രധാനമന്ത്രിപദത്തിലേക്ക് എത്തുന്നത്. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ തിരഞ്ഞെടുപ്പില്‍നിന്ന് വിലക്കിയതിനാല്‍ ബിഎന്‍പിയും ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് പാര്‍ട്ടിയായ ജമാഅത്തെ ഇസ്ലാമി നയിക്കുന്ന മുന്നണിയും തമ്മിലായിരുന്നു പ്രധാന മത്സരം. ഷെയ്ഖ് ഹസീനയെ താഴെയിറക്കിയ പ്രക്ഷോഭം നയിച്ച ‘വിവേചനത്തിനെതിരേ വിദ്യാര്‍ഥികള്‍’ എന്ന വിദ്യാര്‍ഥിസംഘടന പിന്നീട് രൂപവത്കരിച്ച നാഷണല്‍ സിറ്റിസണ്‍സ് പാര്‍ട്ടി (എന്‍.സി.പി.) ഈ ഇസ്ലാമിസ്റ്റ് മുന്നണിയുടെ പ്രധാന ശക്തിയായിരുന്നു.
ബംഗ്ലാദേശില്‍ ആദ്യ ഇസ്ലാമിക നേതൃത്വത്തിലുള്ള സര്‍ക്കാരുണ്ടാക്കുകയെന്ന ലക്ഷ്യവുമായാണ് ജമാഅത്തെ ഇസ്ലാമി രംഗത്തെത്തിയത്. ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് നിരോധിക്കപ്പെട്ട പാര്‍ട്ടി 2024ലെ പ്രക്ഷോഭത്തിനു പിന്നാലെയാണ് വീണ്ടും രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെച്ചത്. ഷെയ്ഖ് ഹസീനയെ പുറത്താക്കിയ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി മത്സരിച്ച 30 സീറ്റുകളില്‍ വെറും അഞ്ച് സീറ്റുകളില്‍ മാത്രമാണ് വിജയിച്ചതെന്ന് പ്രാദേശിക ടെലിവിഷന്‍ ചാനലുകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 300 അംഗ പാര്‍ലമെന്റില്‍ ബിഎന്‍പി സഖ്യം 209 സീറ്റുകള്‍ നേടി വിജയിച്ചതായി ജമുന ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പധാന എതിരാളികളായ ജമാഅത്തെ ഇസ്ലാമിയും സഖ്യകക്ഷികളും 68 സീറ്റുകളില്‍ വിജയിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഭരണഘടന പരിഷ്‌കാരങ്ങള്‍ക്കായുള്ള ഹിത പരിശോധനയില്‍ 72.9% ആളുകള്‍ അനുകൂലമായി വോട്ട് ചെയ്തതായാണ് പ്രാഥമിക വിവരം. അറുപതുവയസ്സുകാരനായ താരിഖ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മൂത്തമകനാണ്. മുന്നൂറംഗ ജാതീയ സന്‍സദില്‍- ബംഗ്ലാദേശ് പാര്‍ലമെന്റില്‍ ഇരുന്നൂറിലധികം സീറ്റുകളില്‍ ബിഎന്‍പിയാണ് വിജയിച്ചത്. വോട്ടെണ്ണല്‍ ചിലയിടങ്ങളില്‍ പൂര്‍ത്തിയാകാന്‍ ബാക്കിയുണ്ട്. 17 വര്‍ഷത്തെ വിദേശവാസത്തിനൊടുവില്‍ 2025 ഡിസംബറിലാണ് താരിഖ് രാജ്യത്ത് മടങ്ങിയെത്തിയത്. 2008-ലാണ് രാഷ്ട്രീയ-നിയമസമ്മര്‍ദ്ദങ്ങള്‍ക്കിടെ അദ്ദേഹം ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോകുന്നത്. അഴിമതിക്കേസുകള്‍, മുന്‍പ്രധാനമന്ത്രി ഷേയ്ഖ് ഹസീനയ്ക്കെതിരേ വധശ്രമത്തിന് ഗൂഢാലോചന നടത്തി തുടങ്ങി നിരവധി കേസുകള്‍ താരിഖിനെതിരേ ഉണ്ടായിരുന്നു. ഹസിന സര്‍ക്കാര്‍ മാറിയതിന് പിന്നാലെ കേസുകളില്‍നിന്ന് താരിഖ് മുക്തനാക്കപ്പെടുകയായിരുന്നു.
ബംഗ്ലാദേശ് രാഷ്ട്രീയത്തിലെ അതികായ ആയിരുന്ന ഖാലിദ സിയ 2025 ഡിസംബര്‍മാസത്തിലാണ് മരിച്ചത്. താരിഖ് റഹ്‌മാന്‍ ബംഗ്ലാദേശിലെത്തി വെറും അഞ്ചുദിവസത്തിന് ശേഷമായിരുന്നു ഇത്. ഷേയ്ഖ് ഹസീന പുറത്താക്കപ്പെട്ടതിനും ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിക്കപ്പെട്ടതിനും പിന്നാലെ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ബിഎന്‍പിയുടെ സാരഥ്യം താരിഖ് റഹ്‌മാന്‍ ഏറ്റെടുത്തു.
Read more
ബംഗ്ലദേശ് പൊതുതിരഞ്ഞെടുപ്പില്‍ നിര്‍ണായക വിജയം നേടിയ താരിഖ് റഹ്‌മാനെയും ബിഎന്‍പിയേയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗ്ലദേശിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിഎന്‍പിയെ നിര്‍ണായക വിജയത്തിലേക്ക് നയിച്ച താരിഖ് റഹ്‌മാന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നാണ് മോദി എക്‌സില്‍ കുറിച്ചത്. ഈ വിജയം നിങ്ങളുടെ നേതൃത്വത്തെക്കുറിച്ച് ബംഗ്ലദേശിലെ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.







