ചെറിയ രാജ്യങ്ങൾക്കും താരിഫ് വർധനവ് ബാധകമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആഫ്രിക്ക, കരീബിയ എന്നിവിടങ്ങളിലെ ചെറിയ രാജ്യങ്ങൾക്ക് പത്ത് ശതമാനത്തിൽ കൂടുതൽ തീരുവ ചുമത്തുമെന്ന് ട്രംപ് അറിയിച്ചു. എല്ലാ രാജ്യങ്ങൾക്കും താരിഫ് ഏർപ്പെടുത്താൻ സാധ്യതയുണ്ട്. കുറഞ്ഞത് 100 രാജ്യങ്ങളിലെങ്കിലും പത്ത് ശതമാനത്തിൽ കൂടുതൽ തീരുവ ചുമത്തുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
ചെറിയ രാജ്യങ്ങൾക്ക് തീരുവ ചുമത്തുന്നതിനായുളള ഫെഡറൽ ഗവൺമെന്റിന്റെ പദ്ധതിയെക്കുറിച്ച് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നികും വിശദീകരിച്ചു. പത്ത് ശതമാനം തീരുവ ചുമത്താനുള്ള പദ്ധതി ആഫ്രിക്കയിലെയും കരീബിയനിലെയും രാജ്യങ്ങളെ കേന്ദ്രീകരിച്ചായിരിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആഫ്രിക്കയും കരീബിയയും മിതമായ തോതിലാണ് അമേരിക്കയുമായി വ്യാപാരം നടത്തുന്നത്. കൂടാതെ വ്യാപാര സന്തുലിതാവസ്ഥയിൽ രാജ്യങ്ങൾ നൽകുന്ന സംഭാവന മറ്റ് രാജ്യങ്ങളെ വെച്ച് നോക്കുമ്പോൾ താരതമ്യേന കുറവുമാണെന്ന് യുഎസ് വാണിജ്യ സെക്രട്ടറി മാധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് റഷ്യക്ക് തീരുവ മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയത്. അൻപത് ദിവസത്തിനുള്ളിൽ യുക്രയ്നുമായുളള യുദ്ധം നിർത്തിലാക്കിയില്ലെങ്കിൽ റഷ്യക്കെതിരെ നൂറ് ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. തങ്ങൾ രണ്ടാംഘട്ട താരിഫ് നടപടികളുമായി മുന്നോട്ടുപോകുകയാണ്. യുക്രെയ്‌നെതിരായ യുദ്ധകാര്യത്തിൽ അൻപത് ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകണം. അല്ലാത്ത പക്ഷം കടുത്ത നടപടിയുണ്ടാകുമെന്ന് ട്രംപ് പറഞ്ഞിരുന്നു.
യൂറോപ്യൻ യൂണിയനും മെക്സിക്കോയ്ക്കും 30 ശതമാനം തീരുവയാണ് ട്രംപ് ഉയർത്തിയത്. ജപ്പാൻ, ദക്ഷിണകൊറിയ, ബ്രസീൽ, മ്യാൻമർ, ലാവോസ്, തായ്‌ലൻഡ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, കസാക്കിസ്ഥാൻ, ഇന്തോനേഷ്യ, ടുണീഷ്യ, മലേഷ്യ, സെർബിയ, കംബോഡിയ, ബോസ്നിയ & ഹെർസഗോവിന, അൾജീരിയ, ബ്രൂണൈ, ഇറാഖ്, ലിബിയ, മോൾഡോവ, ഫിലിപ്പീൻസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾക്കുമേൽ ഉയർന്ന താരിഫ് നിരക്കുകൾ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകുന്ന കത്ത് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചിരുന്നു.
Read more
ഇറക്കുമതി തീരുവയിലെ വർധന ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഏതെങ്കിലും വ്യാപാര പങ്കാളികൾ അമേരിക്കയ്ക്കെതിരെ പകരം ഇറക്കുമതി തീരുവ ചുമത്തിയാൽ തിരിച്ചടി ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രസിഡന്റിന്റെ പുതിയ തീരുമാനമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.