സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തി താലിബാന്‍

സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് അവസാനിപ്പിച്ച് താലിബാന്‍. കാബൂളിലെയും മറ്റ് പ്രവിശ്യകളിലെയും സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം നിര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

താലിബാന്‍ ഭരണം പിടിച്ചെടുക്കുന്നതിന് മുമ്പ് കാബൂള്‍ ഉള്‍പ്പെടെ രാജ്യത്തെ ചില പ്രധാന നഗരങ്ങളില്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ സാധിച്ചിരുന്നു. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് വിതരണം ചെയ്യുന്നത് താലിബാന്‍ നിര്‍ത്തിയതായാണ് താലിബാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അഫ്ഗാന്‍ സര്‍ക്കാരിനെ പുറത്താക്കി താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയതോടെ അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശങ്ങളുടെ സ്ഥിതി കൂടുതല്‍ വഷളാവുകയാണ്. സ്ത്രീകള്‍ക്കെതിരായി ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുകയാണ്. ഭക്ഷണത്തിന്റെയും മറ്റ് അവശ്യസാധനങ്ങളുടെയും രൂക്ഷമായ ക്ഷാമം രാജ്യം നേരിടുന്നുണ്ട്.

അടുത്തിടെ രാജ്യത്ത് പെണ്‍കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ആറാം ക്ലാസിന് മുകളിലുള്ള പഠനത്തിന് വിലക്കുണ്ട്. സ്ത്രീകളെ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ അനുവദിക്കാത്തതുമായ നിയമങ്ങളും കൊണ്ടുവന്നിരുന്നു. അന്താരാഷ്ട്ര സമൂഹത്തില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇത് കാരണമായിരുന്നു.

സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, മീഡിയ കമ്പനികള്‍ തുടങ്ങിയ ഇടങ്ങളില്‍ ജോലി ചെയ്യുന്നതില്‍നും സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

അന്താരാഷ്ട്ര വിലയിരുത്തലുകള്‍ അനുസരിച്ച് അഫ്ഗാനിസ്ഥാന്‍ ഗുരുതരമായ മാനുഷിക പ്രതിസന്ധി നേരിടുകയാണ്. അഫ്ഗാനിസ്ഥാനിലാണ് ഇപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ അടിയന്തര ഭക്ഷ്യ അരക്ഷിതാവസ്ഥയിലുള്ളത്. 23 ദശലക്ഷത്തിലധികം ആളുകള്‍ക്ക് സഹായം ആവശ്യമാണ്. ജനസംഖ്യയുടെ ഏകദേശം 95 ശതമാനം ആളുകള്‍ക്കും വേണ്ടത്ര ഭക്ഷണ ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.