അധിക ചെലവ് , അനാവശ്യം; മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ റദ്ദാക്കി താലിബാന്‍

മനുഷ്യാവകാശ കമ്മീഷൻ, ദേശീയ സുരക്ഷാ കൗൺസിൽ, ഉൾപ്പെടെയുള്ള വകുപ്പുകൾ റദ്ദാക്കി താലിബാൻ ഉത്തരവ്. സർക്കാരിലെ അധിക ചെലവു വരുത്തുന്ന ആവശ്യമില്ലാത്ത വകുപ്പുകൾ റദ്ദാക്കുന്നു എന്ന ഉത്തരവിലാണ് നിർണായകമായ തീരുമാനം. മനുഷ്യാവകാശ കമ്മീഷൻ, ദേശീയ സുരക്ഷാ കൗൺസിൽ, അഫ്ഗാൻ ഭരണഘടന നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കുന്നതിനുള്ള കമ്മീഷൻ എന്നിവയൊക്കെയാണ് അനാവശ്യം എന്ന പട്ടികയിൽ ഉൾപ്പെടുത്തി താലിബാൻ നിർത്തലാക്കിയത്.

ആവശ്യമാണെങ്കിൽ പിരിച്ചുവിട്ട വകുപ്പുകൾ തിരികെ കൊണ്ടുവരുമെന്ന് താലിബാൻ അറിയിച്ചിട്ടുണ്ട്. താലിബാൻ ഭരണത്തിന് മുൻപ് ഏറെ അധികാരമുള്ള സർക്കാരിലെ വകുപ്പായിരുന്നു ദേശീയ സുരക്ഷാ കൗൺസിൽ. ഈ വകുപ്പുകൾ ആവശ്യമില്ലെന്ന് കരുതുകയും ബഡ്‌ജറ്റിൽ ഉൾപ്പെടുത്താതിരിക്കുകയും ചെയ്തതിനാൽ, അവ പിരിച്ചുവിട്ടു,’ എന്നാണ് താലിബാൻ സർക്കാരിലെ ഡെപ്യൂട്ടി വക്താവ് ഇന്നാമുല്ല സമംഗാനി പറഞ്ഞത്.

താലിബാൻ അഫ്ഗാനിൽ അധികാരം പിടിച്ചെടുത്ത് ഒരു വർഷമാകുമ്പോഴാണ് സുപ്രധാനമായ ഈ തീരുമാനങ്ങൾ വരുന്നത്. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ അനാവശ്യ ചെലവുകൾ ഇല്ലാതാക്കാനാണ് ഈ തീരുമാനം. താലിബാൻ സർക്കാരിന്റെ ആദ്യ ദേശീയ ബഡ്‌ജറ്റ് ഏതാനും ദിവസങ്ങൾക്ക് മുൻപ് അവതരിപ്പിച്ചിരുന്നു. ഈ സാമ്പത്തിക വർഷം 501 ദശലക്ഷം ഡോളറിന്റെ ബജറ്റ് കമ്മിയാണ് അഫ്ഗാനിസ്ഥാൻ നേരിടുന്നത്.

Read more

കഴിഞ്ഞ ഓഗസ്റ്റിൽ അധികാരത്തിൽ തിരിച്ചെത്തിയ ശേഷം സ്ത്രീകൾക്ക് സമത്വമുൾപ്പടെയുള്ള വാഗ്ദ്ധാനങ്ങൾ നൽകിയെങ്കിലും പിന്നീട് താലിബാൻ ഇതിൽ നിന്നും പിന്നോട്ട് പോവുകയായിരുന്നു. പ്രായമായ പെൺകുട്ടികളുടെ വിദ്യാഭ്യാസം പുനരാരംഭിക്കാൻ അവർ ഇതുവരെ അനുവദിച്ചിട്ടില്ല, കൂടാതെ സ്ത്രീകളും പെൺകുട്ടികളും മുഖം മറയ്ക്കണമെന്നും ആവശ്യപ്പെട്ടു. പൊതുസ്ഥലങ്ങളിൽ, ഹോട്ടലുകളിൽ സ്ത്രീകൾ ഒറ്റയ്ക്ക് വരരുതെന്നും പുരുഷ ബന്ധുക്കൾ ഉണ്ടായിരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടർന്ന് താലിബാനെതിരെ അന്താരാഷ്ട്ര തലത്തിൽ എതിർപ്പ് ഉയരുകയാണ്. അഫ്ഗാനിസ്ഥാനിൽ ഭീകരവാദം പുനരുജ്ജീവിപ്പിക്കുകയാണെന്നും ആഗോള ഭീഷണിയായി മാറുമെന്നും യുഎൻ ചീഫ് അന്റോണിയോ ഗുട്ടെറസ് കഴിഞ്ഞയാഴ്ച മനുഷ്യാവകാശ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടിരുന്നു.