കാമ്പസില്‍ പ്രവേശിക്കരുത്; സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ച് താലിബാന്‍

സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം വിലക്കി താലിബാന്‍ ഭരണകൂടം. അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് പെണ്‍കുട്ടികള്‍ക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സര്‍വകലാശാല പ്രവേശനം നിര്‍ത്തിവച്ചത്.

കാബിനറ്റിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. താലിബാന്റെ ഈ നടപടിയെ ഐക്യരാഷ്ട്രസഭയും യുഎസ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളും ശക്തമായി അപലപിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് താലിബാന്‍ സ്വീകരിക്കുന്ന നയങ്ങളില്‍ മാറ്റം അനിവാര്യമാണെന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മനുഷ്യാവകാശങ്ങളെയും മൗലിക സ്വാതന്ത്ര്യത്തെയും മാനിക്കുന്നതുവരെ താലിബാന്‍ രാജ്യാന്തര സമൂഹത്തില്‍ നിയമാനുസൃത അംഗമാകുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്ന് യു.എസ് ഡെപ്യൂട്ടി യു.എന്‍ അംബാസഡര്‍ റോബര്‍ട്ട് വുഡ് യുണൈറ്റഡ് നാഷന്‍സ് സെക്യൂരിറ്റി കൗണ്‍സിലിനോട് പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങളുടെ മറ്റൊരു വെട്ടിച്ചുരുക്കലാണ് ഇതെന്നും ഓരോ ബ്രിട്ടനിലെ യു.എന്‍ അംബാസഡര്‍ ബാര്‍ബറ വുഡ്വാര്‍ഡ് പറഞ്ഞു.

Read more

നിരവധി വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്സിറ്റി അവസാന പരീക്ഷ എഴുതാനിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെതന്നെ സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു.