ചരിത്രം സാക്ഷി, ഡ്രാഗണ്‍ ക്രൂ അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് പറന്നിറങ്ങി; നാല് യാത്രികരും സുരക്ഷിതര്‍; ചിരിച്ച് കൈവീശി പുറത്തിറങ്ങി സുനിതാ വില്യംസ്; ഹൂസ്റ്റണിലേക്ക് പുറപ്പെട്ടു

ഒമ്പത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം ചരിത്രത്തെ സാക്ഷിയാക്കി ഇന്ത്യന്‍ വംശജയും നാസയുടെ ബഹിരാകാശ യാത്രികയുമായ സുനിത വില്യംസും സഹയാത്രികന്‍ ബുച്ച് വില്‍മോറും സുരക്ഷിതമായി ഭൂമിയില്‍ പറന്നിറങ്ങി.

17 മണിക്കൂര്‍ നീണ്ട യാത്രക്കൊടുവില്‍ ഇന്ന് പുലര്‍ച്ചെ 3.25ന് ഫ്‌ളോറിഡ തീരത്തോട് ചേര്‍ന്ന് അറ്റ്‌ലാന്റിക് സമുദ്രത്തിലാണ് സംഘം സഞ്ചരിച്ച സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ-9 പേടകം ഇറങ്ങിയത്.

തുടര്‍ന്ന് സ്‌ട്രെച്ചറില്‍ സുനിതാ വില്യംസും സംഘവും ഡ്രാഗണ്‍ പേടകത്തില്‍ നിന്നും സ്‌ട്രെച്ചറില്‍ പുറത്തിറങ്ങി. നിക്ക് ഹേഗ് ആണ് പേടകത്തില്‍ നിന്നും ആദ്യം പുറത്തിറങ്ങിയത്.
രണ്ടാമതായി അലക്‌സാണ്ടര്‍ ഗോര്‍ബനോവിനെ പുറത്തിറക്കി.

മൂന്നാമതായാണ് സുനിതാ വില്യംസിനെ പുറത്തെത്തിച്ചത്. ബുച്ച് വില്‍മോറായിരുന്നു നാലാമന്‍. കൈവീശികാണിച്ച് ചിരിച്ചാണ് എല്ലാവരും പേടകത്തില്‍ നിന്നും പുറത്തിറങ്ങിയത്.

ഇവരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കും. പിന്നീട് നാസയുടെ ഹൂസ്റ്റണിലെ കേന്ദ്രത്തിലേക്ക് ഹെലികോപ്റ്ററില്‍ കൊണ്ടുപോകും.

എട്ട് ദിവസത്തെ പരീക്ഷണയാത്രക്ക് പുറപ്പെട്ട് ഒഒമ്പത് മാസത്തോളം (286 ദിവസം) അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയേണ്ടിവന്നു സുനിത വില്യംസിനും ബുച്ച് വില്‍മോറിനും. ഇതോടൊപ്പം ഏറ്റവും കൂടുതല്‍ സമയം സ്‌പേസ് വാക് നടത്തിയെന്ന നേട്ടവും സുനിതയും വില്‍മോറും കൈവരിച്ചു.

ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 2.41ന് ഡീഓര്‍ബിറ്റ് ബേണ്‍ പ്രക്രിയയിലൂടെ വേഗം കുറച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഡ്രാഗണ്‍ പേടകം പ്രവേശിച്ചു. തുടര്‍ന്ന് പാരച്ചൂട്ടുകളുടെ സഹായത്തോടെ സ്ഥിരവേഗം കൈവരിച്ച പേടകം സുരക്ഷിതമായി കടലില്‍ പതിച്ചു. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിച്ച പേടകം റിക്കവറി ടീം ക്രെയ്ന്‍ ഉപയോഗിച്ച് ഉയര്‍ത്തി കപ്പലിലേക്ക് മാറ്റി. തുടര്‍ന്ന് പേടകത്തിനുള്ളില്‍ നിന്ന് ഓരോ യാത്രികരെയും പുറത്തെത്തിക്കുകയായിരുന്നു.