നേപ്പാളില്‍ ശക്തമായ ഭൂചലനത്തില്‍ 69 മരണം; റിക്ടര്‍ സ്‌കെയില്‍ 6.4 തീവ്രത; നിരവധി ആളുകള്‍ കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടക്കുന്നു

നേപ്പാളില്‍ അനുഭവപ്പെട്ട ശക്തമായ ഭൂചലനത്തില്‍ 69 മരണം. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രാദേശിക സമയം 11.47ന് ആണ് ഭൂചലനം അനുഭവപ്പെട്ടത്. നിരവധി പേര്‍ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാ പ്രവര്‍ത്തനം പുരോഗമിച്ച് വരുന്നു. ഡല്‍ഹി ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ വിവിധയിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഡല്‍ഹി, ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാമ് ഇന്ത്യയില്‍ ഭൂചലനം അനുഭവപ്പെട്ടത്.

നേപ്പാളിലെ ജാജര്‍കോട്ട്, റുകും വെസ്റ്റ് മേഖലകളാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് വിവരം. ജാജര്‍കോട്ടില്‍ 34 പേരുടെ മരണം സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. റുകും ജില്ലയില്‍ മാത്രമായി 35 പേരെങ്കിലും മരിച്ചിരിക്കാം എന്നാണ് അധികൃതരുടെ വാദം. അടിയന്തര രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് സുരക്ഷാ ഏജന്‍സികള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹാല്‍ അറിയിച്ചു.