ഗോതബയ രജപക്‌സെ രാജിവെക്കുമെന്ന് സ്പീക്കര്‍; പിന്മാറാതെ പ്രതിഷേധക്കാര്‍, ശ്രീലങ്കയില്‍ കലാപം രൂക്ഷം

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ ജനകീയ പ്രതിഷേധം തുടരുകയാണ്. പ്രധാനമന്ത്രിയായിരുന്ന റെനില്‍ വിക്രമ സിംഗെ രാജിവെച്ചതിന് പിന്നാലെ പ്രസിഡന്റ് ഗോതബയ രജപക്‌സെ രാജിവെക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു. ബുധനാഴ്ച രാജിവെക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

സര്‍വകക്ഷി യോഗത്തിലെ തീരുമാനത്തെ തുടര്‍ന്നാണ് രാജി സന്നദ്ധത അറിയിച്ചിരിക്കുന്നതെന്നാണ് സൂചന. അതേസമയം പ്രസിഡന്റെ രാജി വെക്കുമെന്ന് അറിഞ്ഞതിന് ശേഷവും അദ്ദേഹത്തിന്റെ വസതി കയ്യേറിയ പ്രതിഷേധക്കാര്‍ പിന്മാറാതെ സമരം തുടരുകയാണ്. ഗോതബയ രജപക്‌സെ രാജിവെക്കാതെ പിന്മാറില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

ഗോതബായ രാജി വച്ചാല്‍ സ്പീക്കര്‍ അബെയവര്‍ധനയ്ക്കാവും താല്‍ക്കാലിക ചുമതല. ഒരാഴ്ചയ്ക്കകം പുതിയ സംയുക്ത സര്‍ക്കാര്‍ അധികാരമേല്‍ക്കും. പ്രസിഡന്റിന്റെ ചുമതല സ്പീക്കര്‍ പരമാവധി 30 ദിവസം വഹിക്കും. അതിനിടെ പാര്‍ലമെന്റ് കൂടി പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും.

അതേസമയം പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെയാണ് വിക്രം റെനില്‍ സിംഗെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചത്. സര്‍വ്വ കക്ഷി സര്‍ക്കാരിന് വഴിയൊരുക്കാനാണ് രാജി സമര്‍പ്പിക്കുന്നതെന്ന് റനില്‍ വിക്രമ സിംഗേ അറിയിച്ചു. സര്‍വ്വ കക്ഷിയോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവയ്കുക, പകരം നാഷണല്‍ അസംബ്ളിയുടെ സ്പീക്കറെ പുതിയ സര്‍ക്കാരിലെ പ്രധാനമന്ത്രിയാക്കുക എന്നതായിരുന്നു സര്‍വ്വ കക്ഷിയോഗത്തിലുണ്ടായ തീരുമാനം.

ഏപ്രില്‍ മുതല്‍ തുടങ്ങിയ സാമ്പത്തിക പ്രതിസന്ധിയുടെ ദുരിതങ്ങളില്‍ ജീവിതം പ്രതിസന്ധിയിലായതോടെയാണ് ജനം തെരുവിലിറങ്ങിയിരിക്കുന്നത്. സമാധാനം നിലനിര്‍ത്താന്‍ പൊതുജനം സഹകരിക്കണമെന്ന് സൈന്യം അഭ്യര്‍ത്ഥിച്ചു. രാജിവെക്കുന്നത് വരെ ഗോതബായക്ക് സംരക്ഷണം നല്‍കുമെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ശ്രീലങ്കയിലെ സാഹചര്യത്തില്‍ തല്‍ക്കാലം ഇടപെടില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. അഭയാര്‍ത്ഥി പ്രവാഹ സാധ്യതയില്‍ സംസ്ഥാനങ്ങള്‍ക്ക് നിരീക്ഷണത്തിന് നിര്‍ദ്ദേശം നല്‍കി. സാഹചര്യം നിരീക്ഷിച്ച് മാനുഷിക സഹായം ഉറപ്പ് വരുത്തും. വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.