ഇറാനിനെതിരായ ആക്രമണങ്ങള്‍ക്ക് അമേരിക്കയ്ക്ക് സൈനിക താവളങ്ങള്‍ വിട്ടുനല്‍കില്ലെന്ന് സ്‌പെയ്ന്‍; ഐക്യരാഷ്ട്ര സഭയുടെ കരാറിന് വിരുദ്ധമായ നീക്കങ്ങള്‍ക്ക് തങ്ങളുടെ സ്ഥലം നല്‍കില്ല, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേര്‍ക്കുള്ള ഇറാന്‍ പ്രത്യാക്രമങ്ങളേയും അപലപിച്ച് സ്‌പെയ്ന്‍

ഇറാന് നേരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക നീക്കങ്ങള്‍ക്ക് തങ്ങളുടെ സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സ്‌പെയിന്‍. തങ്ങളുടെ താവളങ്ങള്‍ ഈ സൈനിക നടപടികള്‍ക്കായി ഉപയോഗിക്കുന്നില്ലെന്ന് സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ ആല്‍ബാരെസ് അറിയിച്ചു. ഇതോടെ യുഎസ് യുദ്ധവിമാനങ്ങള്‍ രാജ്യം വിട്ടു. ഇറാനെതിരായ യുഎസ്- ഇസ്രായേല്‍ സംയുക്ത ആക്രമണത്തെ സ്‌പെയിന്‍ അപലപിച്ചു. ഇറാനെതിരായ യുഎസ് ആക്രമണം അന്താരാഷ്ട്ര നിയമത്തെ ലംഘിക്കുന്നതും ന്യായീകരിക്കാനാവാത്തതുമാണെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് തുറന്നടിച്ചു.

സ്‌പെയിനില്‍ പ്രധാനമായും രണ്ട് വലിയ സൈനിക കേന്ദ്രങ്ങളാണ് അമേരിക്കയ്ക്കുള്ളത്. റോട്ട നേവല്‍ ബേസും മോറോണ്‍ എയര്‍ ബേസും. ഇവ രണ്ടും സ്പാനിഷ് സേനയുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. സ്‌പെയിനിലെ റോട്ട നാവിക താവളവും മോറോണ്‍ വ്യോമതാവളവും സ്പാനിഷ് പരമാധികാരത്തിന് കീഴിലാണെന്നും ഐക്യരാഷ്ട്രസഭയുടെ കരാറുകള്‍ക്ക് വിരുദ്ധമായ നീക്കങ്ങള്‍ക്ക് ഇവ വിട്ടുനല്‍കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മാനുഷിക പരിഗണനകള്‍ മുന്‍നിര്‍ത്തിയുള്ള ആവശ്യങ്ങള്‍ക്കല്ലാതെ ഈ താവളങ്ങളില്‍ നിന്ന് പിന്തുണ നല്‍കില്ലെന്ന് പ്രതിരോധ മന്ത്രി മാര്‍ഗരിറ്റ റോബിള്‍സ് അറിയിച്ചു. അതേസമയം, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തുന്ന പ്രത്യാക്രമണങ്ങളെയും സ്‌പെയിന്‍ അപലപിച്ചിട്ടുണ്ട്.

Read more

ഇറാന് നേരെയുള്ള ആക്രമണം ആരംഭിച്ചതിന് ശേഷം സ്‌പെയിനിലെ താവളങ്ങളില്‍ നിന്ന് 15 അമേരിക്കന്‍ വിമാനങ്ങള്‍ പുറപ്പെട്ടതായി ഫ്‌ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ ഏഴ് വിമാനങ്ങള്‍ ജര്‍മ്മനിയിലെ രാംസ്‌റ്റൈന്‍ വ്യോമതാവളത്തില്‍ ഇറങ്ങിയതായാണ് വിവരം. പ്രധാന യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്‌പെയിന്‍ മാത്രമാണ് അമേരിക്കന്‍ നീക്കത്തെ ഇത്തരത്തില്‍ ശക്തമായി എതിര്‍ക്കുന്നത്. ബ്രിട്ടന്‍ ആദ്യം വിമുഖത കാട്ടിയെങ്കിലും പശ്ചിമേഷ്യയിലെ ഊര്‍ജ്ജ വിതരണ ശൃംഖലയ്ക്ക് നേരെ ഇറാന്റെ ആക്രമണം ഉണ്ടായതോടെ തങ്ങളുടെ താവളങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയ്ക്ക് അനുമതി നല്‍കി. യൂറോപ്പിലെ മറ്റ് പ്രമുഖ രാജ്യങ്ങളായ ഫ്രാന്‍സും ജര്‍മ്മനിയും അമേരിക്കയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തുന്ന മിസൈല്‍ ആക്രമണങ്ങളില്‍ തങ്ങള്‍ ആശങ്കാകുലരാണെന്നും അമേരിക്കയോടും മറ്റ് പ്രാദേശിക സഖ്യകക്ഷികളോടും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.