കൊറോണ വൈറസിന് ഉമിനീര്‍കണങ്ങളിലൂടെ നാലു മീറ്റര്‍ അകലെ വരെ സഞ്ചരിക്കാം; വായുവില്‍ മണിക്കൂറുകളോളം തങ്ങി നിന്നേക്കാമെന്നും പഠനം

കൊറോണ വെെറസ് രോഗബാധിതരായ ആളുകളുടെ ഉമിനീര്‍കണങ്ങളിലൂടെ  13 അടി ദൂരത്തേക്കു വരെ ചെന്നെത്താന്‍ സാധിക്കുമെന്ന് പുതിയ പഠനങ്ങള്‍. ഇതുപ്രകാരം ആശുപത്രി വാര്‍ഡുകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. നിലവിലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം മനുഷ്യര്‍ തമ്മില്‍ പാലിക്കേണ്ടുന്ന അകലം പരമാവധി രണ്ട് മീറ്ററാണ്. ഈ പഠനം പറയുന്നതനുസരിച്ചാണെങ്കില്‍ കുറഞ്ഞത് 4 മീറ്ററെങ്കിലും അകലം മനുഷ്യര്‍ പരസ്പരം പാലിച്ചിരിക്കണം.

ചൈനീസ് ഗവേഷകരാണ് ഈ പഠനം നടത്തിയത്. പഠനത്തിന്റെ ഇപ്പോഴത്തെ നില പ്രാഥമിക തലത്തില്‍ മാത്രമാണ്. യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍‌ഷന്‍ എന്ന സ്ഥാപനം പുറത്തിറക്കുന്ന എമര്‍ജിങ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. ബീജിങ്ങിലെ അക്കാദമി ഓഫ് മിലിറ്ററി മെഡിക്കൽ സയൻസിലെ ഗവേഷകരാണ് പഠനം നടത്തിയത്. വുഹാനിലെ ഹുവോഷെൻഷൻ ആശുപത്രിയിലെ കോവിഡ്–19 വാർഡിലെ ജനറൽ വാർഡിൽനിന്നും ഐസിയുവിൽ നിന്നുമുള്ള സാമ്പിളുകളാണ് ഇവര്‍ പരിശോധനയ്ക്കെടുത്തത്.

Read more

അതെസമയം, ഇത്രയും അകലെ എത്തുന്ന കുറഞ്ഞ തോതിലുള്ള വൈറസ്സുകള്‍ രോഗകാരിയാകണമെന്നില്ലെന്നും പഠനം പറയുന്നുണ്ട്. വൈറസ് കൂടുതലും വാർഡുകളുടെ നിലത്താണ് കണ്ടത്. ഗുരുത്വാകർഷണ ബലം കൊണ്ടാകാം ഇതെന്നാണ് അനുമാനം. ഇക്കാരണത്താല്‍ തന്നെ നിലം അടക്കമുള്ള പ്രതലങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യപ്രവര്‍ത്തകരുടെ ചെരിപ്പുകളില്‍ വൈറസ് പറ്റിപ്പിടിച്ചിരിക്കുന്നതായും കണ്ടെത്തി. ചെരിപ്പുകള്‍ പോലും വൈറസ് വാഹകരാകാമെന്നാണ് അനുമാനിക്കപ്പെടുന്നത്. വായുവില്‍ മണിക്കൂറുകളോളം ഈ വൈറസ് തങ്ങി നിന്നേക്കാമെന്നും പഠനം പറയുന്നുണ്ട്.