ഉക്രൈനിലെ റഷ്യൻ അധിനിവേശം ആരംഭിച്ചു: യു.കെ മന്ത്രി

ഉക്രൈനിലെ റഷ്യയുടെ അധിനിവേശം ഇതിനകം ആരംഭിച്ചു കഴിഞ്ഞെന്നും അതിനാൽ ബ്രിട്ടൻ റഷ്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്നും മുതിർന്ന ബ്രിട്ടീഷ് മന്ത്രി സാജിദ് ജാവിദ്. ഉക്രൈൻ പ്രതിസന്ധിയെക്കുറിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച അടിയന്തര യോഗം ചേർന്നിരുന്നു.

കിഴക്കൻ ഉക്രൈനിൽ നിന്നും വിഘടിച്ചു നിൽക്കുന്ന രണ്ട് പ്രദേശങ്ങളെ സ്വതന്ത്രരായി അംഗീകരിച്ചുകൊണ്ട് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ തിങ്കളാഴ്ച സൈനികരെ വിന്യസിക്കാൻ ഉത്തരവിട്ടത്, ഒരു വലിയ യുദ്ധത്തിന് കാരണമാകുമെന്ന് പാശ്ചാത്യ രാജ്യങ്ങൾ ഭയപ്പെടുന്നു. ഇത് പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള ഡൊനെറ്റ്സ്ക് നഗരത്തിലൂടെ ടാങ്കുകളും മറ്റ് സൈനിക സാമഗ്രികളും നീങ്ങുന്നതായി വാർത്ത ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പിരിഞ്ഞുപോയ പ്രദേശങ്ങൾ പുടിൻ ഔപചാരികമായി അംഗീകരിക്കുകയും “സമാധാനം നിലനിർത്താൻ” റഷ്യൻ സേനയെ വിന്യസിക്കാൻ ഉത്തരവിടുകയും ചെയ്യുകയുമായിരുന്നു.

“ഉക്രൈനിന്റെ അധിനിവേശം ആരംഭിച്ചു. റഷ്യൻ, പ്രസിഡന്റ് പുടിൻ, ഉക്രൈനിന്റെ പരമാധികാരത്തെയും അതിന്റെ പ്രാദേശിക സമഗ്രതയെയും ആക്രമിക്കാൻ തീരുമാനിച്ചു. ഞങ്ങൾ മുമ്പ് പറഞ്ഞതുപോലെ റഷ്യക്കെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തും,” ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞതായി സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു.

പാർലമെന്റിൽ നടത്തുന്ന പ്രസ്താവനയിലൂടെ ബോറിസ് ജോൺസൺ ഉപരോധം പ്രഖ്യാപിക്കുമെന്ന് സാജിദ് ജാവിദ് പറഞ്ഞു.