ലോകാത്ഭുതം തകര്‍ത്ത് റോഡ് നിര്‍മ്മാണം; ചൈനീസ് വന്‍മതില്‍ തകര്‍ത്തത് യാത്രാ ദൂരം കുറയ്ക്കാന്‍; രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

1987 മുതല്‍ യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ചരിത്ര പ്രധാനമായ ചൈനീസ് വന്‍ മതിലിന്റെ ഒരു ഭാഗം തകര്‍ത്തതിനെ തുടര്‍ന്ന് രണ്ട് പേര്‍ അറസ്റ്റില്‍. ചൈനയുടെ വടക്കന്‍ പ്രവിശ്യയായ ഷാങ്സിയിലാണ് ഓഗസ്റ്റ് 24ന് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ലോകാത്ഭുതങ്ങളില്‍ ഒന്നായ മതിലിന്റെ ഒരു ഭാഗം എസ്‌കവേറ്റര്‍ ഉപയോഗിച്ച് തകര്‍ത്തതിന് 38വയസുള്ള പുരുഷനും 55വയസുള്ള സ്ത്രീയും അറസ്റ്റിലായി.

തങ്ങളുടെ എസ്‌കവേറ്റര്‍ കൊണ്ടുപോകുന്നതിനും ജോലി സ്ഥലത്തേക്കുള്ള യാത്രാദൂരം കുറയ്ക്കുന്നതിനുമാണ് ഇരുവരും ചേര്‍ന്ന് വന്‍മതിലിന്റെ ഒരു ഭാഗം തകര്‍ത്ത് റോഡുണ്ടാക്കിയത്.  തകര്‍ത്തത് മിംഗ് രാജവംശം സ്ഥാപിച്ച 32ാമത് വന്‍മതിലിന്റെ ഭാഗമാണെന്ന് ഷാങ്‌സി പൊലീസ് അറിയിച്ചു.

ബിസി ഏഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച വന്‍മതിലുകള്‍ ഇന്നും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. നിരവധി രാജഭരണങ്ങളുടെ കാലത്ത്, നൂറ്റാണ്ടുകള്‍കൊണ്ട് പണികഴിപ്പിച്ചതാണ് ഇന്ന് കാണുന്ന തരത്തിലുള്ള വന്‍മതിലിന്റെ പൂര്‍ണ്ണ രൂപം. വിദേശ സഞ്ചാരികളുടെ സന്ദര്‍ശനത്തിലൂടെ വിദേശനാണ്യം നേടിക്കൊടുക്കുന്ന വന്‍മതില്‍ ചൈനീസ് സമ്പദ് വ്യവസ്ഥയിലും വലിയ പങ്ക് വഹിക്കുന്നുണ്ട്.