ഇന്ത്യൻ വിനോദ സഞ്ചാരികളുടെ എണ്ണം കുറഞ്ഞതോടെ തുർക്കിക്ക് വൻ സാമ്പത്തിക നഷ്ടം. മുൻ വർഷത്തെ അപേക്ഷിച്ച് 2025ൽ ഇതുവരെ തുർക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച ഇന്ത്യക്കാരുടെ എണ്ണത്തിൽ 85,000ത്തിലധികം കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. തുർക്കി പത്രമായ അലന്യ പോസ്റ്റാസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യ-പാക് സംഘർഷത്തിലും പഹൽഗാം ഭീകരാക്രമണക്കിലും പാക് അനുകൂല നിലപാട് സ്വീകരിച്ചതാണ് തുർക്കിക്ക് തിരിച്ചടിയായത്.
തുർക്കിയിലെ ടൂറിസ്റ്റ് സീസൺ ജൂൺ ഒന്നിനാണ് ആരംഭിക്കുക. 2024ൽ 3,30,000 ഇന്ത്യക്കാർ തുർക്കി സന്ദർശിച്ചു. ശരാശരി 1,30,000 രൂപയാണ് ഓരോ വിനോദ സഞ്ചാരിയും ചെലവഴിച്ചത്. ഇന്ത്യൻ വിനോദ സഞ്ചാരികളിൽ നിന്നായി തുർക്കിക്ക് മൊത്തം 42.9 ബില്യൺ രൂപ നേടിക്കൊടുത്തു. ഏപ്രിലിനെ അപേക്ഷിച്ച് മെയ് മാസത്തിൽ ഇന്ത്യൻ സഞ്ചാരികളുടെ എണ്ണം ഏകദേശം 24% കുറഞ്ഞു.
Read more
ശൈത്യകാലത്ത് മുൻകൂട്ടി നടത്തിയ റിസർവേഷനുകൾ കൂട്ടത്തോടെ റദ്ദാക്കപ്പെടുന്ന അവസ്ഥയാണ്. ടൂറിസം മേഖല പ്രതിനിധികൾ ഈ സംഭവവികാസങ്ങൾ താൽക്കാലികമാണെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിവാഹ ഡെസ്റ്റിനേഷനും തുർക്കിയായിരുന്നു. എന്നാൽ, മേഖലയിലെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല. പാകിസ്ഥാന് പുറമേ, ചൈന, ജപ്പാൻ, തായ്‌വാൻ എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണത്തിൽ വർധനവുണ്ടെന്ന് തുർക്കി ടൂറിസം വൃത്തങ്ങൾ പറഞ്ഞു.