ബ്രസീലില്‍ വിമാനം തകര്‍ന്ന് 14 പേര്‍ കൊല്ലപ്പെട്ടു, അപകടം ലാന്‍ഡിങ് ശ്രമത്തിനിടെ

ബ്രസീലില്‍ വിനോദ സഞ്ചാരികളുമായി പോയ വിമാനം തകര്‍ന്ന് 14 പേര്‍ കൊല്ലപ്പെട്ടു. നോര്‍ത്തേണ്‍ ആമസോണിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ബാഴ്‌സലോസിലാണ് അപകടമുണ്ടായത്. ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കവേയാണ് വിമാനം അപകടത്തിൽപ്പെട്ടത്.

കനത്ത മഴ മൂലം കാഴ്ച മങ്ങിയ സാഹചര്യമായിരുന്നു. 12 യാത്രക്കാരും പൈലറ്റും സഹപൈലറ്റുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ എല്ലാവരും മരണപ്പെട്ടതായി ബ്രസീല്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു.

വിമാനത്തിലുണ്ടായിരുന്നവരെല്ലാം ബ്രസീലിയന്‍ പൗരന്മാരാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. എന്നാൽ വിമാനത്തിൽ അമേരിക്കൻ പൗരന്മാരുമുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്. മരിച്ച യാത്രക്കാരെല്ലാം പുരുഷന്മാരാണെന്നും സ്‌പോർട്‌സ് ഫിഷിങിനായാണ് ഈ മേഖലയിലേക്ക് ഇവർ എത്തിയതെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

‘ശനിയാഴ്‌ച ബാഴ്‌സലോസിൽ വിമാനാപകടത്തിൽ മരിച്ച 12 യാത്രക്കാരുടെയും രണ്ട് ജീവനക്കാരുടെയും മരണത്തിൽ ഖേദം പ്രകടിപ്പിക്കുന്നു. അവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും അനുശോചനം അറിയിക്കുന്നു,’ ആമസോണസ് സ്റ്റേറ്റ് ഗവർണർ വിൽസൺ ലിമ പറഞ്ഞു. ബ്രസീലിയന്‍ വിമാന നിര്‍മ്മാതാക്കളായ എംബ്രേയറിന്റെ ഇരട്ട എഞ്ചിന്‍ വിമാനമായ ഇഎംബി 110 ആണ് അപകടത്തില്‍പ്പെട്ടത്.