ഇറാന്‍ മിസൈല്‍ ആക്രമണം: തങ്ങളുടെ 34 സൈനികര്‍ക്ക് തലച്ചോറിന് പരിക്കേറ്റതായി യു. എസ്

ജനുവരി 8-ന് ഇറാഖിലെ വിമാനത്താവളത്തില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ തങ്ങളുടെ 34 സൈനികരുടെ തലച്ചോറിന് പരിക്കേറ്റതായി യു.എസ്. ഇതില്‍ പകുതി പേര്‍ പരിക്കില്‍ നിന്ന് രക്ഷപ്പെട്ടിടുണ്ടെന്നും യു.എസിന്റെ പ്രതിരോധസേനയുടെ ഹെഡ്‌ ക്വാര്‍ട്ടേഴ്‌സായ പെന്റഗണ്‍ അറിയിച്ചു. ഇറാന്‍ ആക്രമണത്തില്‍ തങ്ങള്‍ക്ക് കാര്യമായി നഷ്ടം വരുത്തിയിട്ടില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ തള്ളുന്നതാണ് പെന്റഗണിന്റെ വെളിപ്പെടുത്തല്‍.

പരിക്കേറ്റവരില്‍ 17 പേര്‍ ജര്‍മ്മനിയില്‍ ചികിത്സയിലായിരുന്നു. ഇതില്‍ എട്ട് പേര്‍ അമേരിക്കയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഒമ്പത് പേര്‍ ജര്‍മ്മനിയില്‍ തന്നെ തുടരുകയാണ്. ഈ മാസം എട്ടിനാണ് ഇറാഖിലെ ഐന്‍-അല്‍ അസദ് വ്യോമതാവളത്തിന് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തിയത്. ഇറാന്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയതിന് പ്രതികാരമായിട്ടായിരുന്നു ഇറാന്റെ ആക്രമണം.