സമാധാനം ഇനിയും അകലെയോ....! 8 ഗാസ നിവാസികളെ പരസ്യമായി വധശിക്ഷയ്ക്ക് വിധേയമാക്കി ഹമാസ്, നടുറോഡിൽ നിരത്തി നിർത്തി വെടിവെച്ചു

ഗാസയിൽ യുദ്ധത്തിന് അവസാനമായി എന്ന് പറയുമ്പോഴും ഭീതി ഒഴിയാതെ ഗാസ. 8 ഗാസ നിവാസികളെ പരസ്യമായി വധശിക്ഷയ്ക്ക് ഹമാസ് വിധേയമാക്കി. സമാധാന കരാർ നിലവിൽ വന്നതിന് പിന്നാലെ ഇസ്രയേൽ സേനയായ ഐഡിഎഫ് പിൻവാങ്ങൽ ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് ഇപ്പോൾ 8 പേരെ ഹമാസ് പരസ്യമായി വെടിവെച്ച് കൊലപ്പെടുത്തിയത്.

തെരുവിൽ നിരത്തിനിർത്തി ജനങ്ങൾ കാൺകെ പരസ്യമായി ഈ എട്ടുപേരെയും വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടവർ കുറ്റവാളികളാണെന്നും ഇസ്രയേലുമായി സഹകരിച്ചവരാണെന്നും ഹമാസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. എന്നാൽ ഗാസയുടെ നിയന്ത്രണം നിലനിർത്താനാണ് ഹമാസ് ഇത്തരം ക്രൂരമായ വധശിക്ഷകൾ നടപ്പിലാക്കുന്നതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗാസ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റു സായുധ പലസ്തീൻ ഗ്രൂപ്പുകളിൽ ഉള്ളവരെയാണ് ഹമാസ് വധിച്ചതെന്നാണ് റിപ്പോർട്ടുകൾ.

യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് ഹമാസിനെ നിരായുധീകരിക്കുമെന്ന് പ്രതിജ്‌ഞയെടുത്തിട്ടും ഈ മുന്നറിയിപ്പ് മറികടന്നാണ് ഇത്തരത്തിൽ ഒരു നടപടി ഉണ്ടായത്. അതേസമയം ഐഡിഎഫ് പിന്മാറ്റം ആരംഭിച്ചതോടെ ഗാസയുടെ നിയന്ത്രണം വീണ്ടും ഹമാസ് ഏറ്റെടുക്കുകയാണ്. ഗാസയിൽ വെടിനിർത്തൽ നിലനിൽക്കുന്നതിനിടെ ഹമാസ് പ്രവർത്തകർ ആയുധങ്ങളുമായി തെരുവുകളിലേക്ക് തിരിച്ചെത്തുകയാണെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

Read more