'ഒമാന്‍ മറ്റെല്ലാ രാജ്യങ്ങളെയും പോലെ പെരുമാറണം, അല്ലെങ്കില്‍ തകര്‍ത്തുകളയും'; ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി

ഒമാനെതിരെ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒമാന്‍ മറ്റെല്ലാ രാജ്യങ്ങളെയും പോലെ പെരുമാറണമെന്നും അല്ലെങ്കില്‍ തകര്‍ത്തു കളയുമെന്നുമാണ് ട്രംപിന്റെ ഭീഷണി. അതേസമയം യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ഇറാനും ഒമാനും ചേര്‍ന്ന് നിയന്ത്രിക്കുമെന്ന റിപ്പോര്‍ട്ടുകളും ട്രംപ് തള്ളി.

കടലിടുക്കിന്റെ നിയന്ത്രണം ആര്‍ക്കും വിട്ടുനല്‍കില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഹോര്‍മുസ് രാജ്യാന്തര ജലപാതയാണെന്നും ഒരു രാജ്യത്തിനും അത് അവകാശപ്പെടാനാകില്ലെന്നും ട്രംപ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിന് പകരമായി അമേരിക്ക നാവിക ഉപരോധം നീക്കുമെന്നും ഹോര്‍മുസിന്റെ നിയന്ത്രണം ഇറാനും ഒമാനുമായിരിക്കുമെന്നാണ് ഇന്നലെ ഇറാന്‍ മാധ്യമങ്ങള്‍ ധാരണാപത്രത്തിലെ വ്യവസ്ഥകളെന്ന മട്ടില്‍ പുറത്തുവിട്ടത്. ഇറാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട ധാരണാപത്രം കെട്ടിച്ചമച്ചതാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

Read more

ഹോര്‍മുസില്‍ അമേരിക്ക നിരീക്ഷണം തുടരുമെന്നും ഹോര്‍മുസിന്റെ നിയന്ത്രണം ഒരു രാജ്യത്തിനും നല്‍കില്ലെന്നും ട്രംപ് പറയുന്നു 60 ദിവസത്തിനുള്ളില്‍ അന്തിമ കരാറില്‍ എത്തുന്നപക്ഷം യു എന്‍ രക്ഷാസമിതിയില്‍ കരാര്‍ അവതരിപ്പിച്ച് അംഗീകാരം തേടണമെന്നും വ്യവസ്ഥയിലുണ്ടെന്ന് ഇറാന്‍ മാധ്യമങ്ങള്‍ അവകാശപ്പെട്ടിരുന്നു. ഇറാന്‍ വിഷയത്തില്‍ ഡോണള്‍ഡ് ട്രംപ് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിനു മുമ്പാണ് ഇറാന്‍ മാധ്യമങ്ങള്‍ ധാരണാപത്രത്തിലെ വിവരങ്ങളെന്ന മട്ടിലുള്ള കാര്യങ്ങള്‍ പുറത്തുവിട്ടത്.