ബ്രാ ധരിച്ചില്ലെങ്കില്‍ യാത്ര അനുവദിക്കില്ല; എല്ലാം പുറത്തുകാണാമെന്ന് ക്രൂ അംഗം; വിവാദമായതോടെ ക്ഷമാപണം നടത്തി ഡെല്‍റ്റ എയര്‍ലൈന്‍സ്

വസ്ത്ര ധാരണമാണ് പലപ്പോഴും സമൂഹത്തില്‍ ഒരു വ്യക്തിയ്ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന മാന്യതയുടെ മാനദണ്ഡം. കാലം മാറിയിട്ടും സമൂഹത്തിന്റെ കാഴ്ചപ്പാടിന് മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന തരത്തിലുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പരിഷ്‌കൃത സമൂഹമെന്ന് ലോകം മുഴുവന്‍ വാഴ്ത്തുന്ന അമേരിക്കയിലാണ് സംഭവം നടന്നത്.

യുഎസിലെ സാള്‍ട്ട് ലേക്ക് സിറ്റിയില്‍ നിന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലേക്കുള്ള വിമാന യാത്രയ്ക്കിടെ ലിസ ആര്‍ച്ച്‌ബോള്‍ഡ് എന്ന യുവതിയ്ക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. ഡെല്‍റ്റാ എയര്‍ലൈനില്‍ കയറിയ യുവതിയെ ബ്രാ ധരിച്ചില്ലെന്ന പേരിലാണ് വിമാനത്തില്‍ തടഞ്ഞുവച്ചത്. വിമാനം പുറപ്പെടുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുന്‍പാണ് സംഭവം നടന്നത്.

യാത്രയ്ക്ക് ശേഷം യുവതി സാമൂഹ്യ മാധ്യമങ്ങളില്‍ വിവരം പങ്കുവച്ചതോടെ അടിവസ്ത്ര വിവാദം വലിയ ചര്‍ച്ചയായി. വിമാനത്തില്‍ കയറിയ യുവതിയെ എയര്‍ലൈനിലെ വനിതാ ക്രൂ അംഗം മുന്‍വശത്തേക്ക് വിളിപ്പിച്ചു. യുവതിയുടെ വസ്ത്രധാരണം മാന്യമല്ലാത്തതും സുതാര്യവുമാണെന്ന് ക്രൂ അംഗം വിമര്‍ശിച്ചു. വിമാനത്തില്‍ യാത്ര ചെയ്യണമെങ്കില്‍ യുവതി ബ്രാ ധരിക്കണമെന്ന് ക്രൂ അംഗം നിബന്ധന വച്ചു.

ബാഗി ടീ ഷര്‍ട്ടും നീളമുള്ള പാന്റും ധരിച്ചിട്ടും യുവതിയ്ക്ക് ആക്ഷേപം നേരിടേണ്ടി വന്നു. ഏറെ നേരത്തെ വാദ പ്രതിവാദങ്ങള്‍ക്കൊടുവില്‍ ജാക്കറ്റ് ധരിച്ചാല്‍ യുവതിയെ വിമാനത്തില്‍ തുടരാന്‍ അനുവദിക്കാമെന്ന് ക്രൂ അംഗം അറിയിച്ചു. ഇത് തനിക്ക് ഏറ്റവും അപമാനകരവും വിവേചനപരവുമായി തോന്നിയതായി യുവതി പറയുന്നു. യുക്തി രഹിതമായ കാര്യമാണ് അവര്‍ ഉന്നയിച്ചതെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

ഒന്നര മണിക്കൂര്‍ നീണ്ട യാത്രയ്ക്ക് വേണ്ടി താന്‍ ഒടുവില്‍ ജാക്കറ്റ് എടുത്ത് ധരിക്കേണ്ടിവന്നെന്നും യുവതി പറഞ്ഞു. യാത്രയ്ക്ക് ശേഷം യുവതി സാമൂഹ്യ മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയതോടെ സംഭവം രൂക്ഷമായ ചോദ്യം ചെയ്യലുകള്‍ക്ക് വിധേയമായി. ഇതോടെ ലിസയോട് ഡെല്‍റ്റ എയര്‍ലൈന്‍സ് ക്ഷമാപണം നടത്തിയിട്ടുണ്ട്.