'കഞ്ചാവ് കൈവശം വെച്ചതിനോ ഉപയോഗിച്ചതിനോ ആരെങ്കിലും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടതില്ല'; മാപ്പ് നല്‍കി ബൈഡന്‍

കഞ്ചാവ് കൈവശം വച്ചതിന് ശിക്ഷിക്കപ്പെട്ട ആയിരക്കണക്കിന് അമേരിക്കക്കാര്‍ക്ക് മാപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ചെറിയ തോതില്‍ കഞ്ചാവ് കൈവശം വച്ചതിനോ ഉപയോഗിച്ചതിനോ ആരെങ്കിലും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടതില്ല എന്ന് ബൈഡന്‍ പറഞ്ഞു.
കഞ്ചാവ് നിയമവിധേയമാക്കാനുള്ള നീക്കത്തിന്റെ പ്രധാന ചുവടുവെപ്പായാണ് ഈ നീക്കം.

ആയിരക്കണക്കിന് ആളുകളുടെ ജീവിതം കഞ്ചാവ് കേസില്‍ പെട്ട് നശിച്ചു. കഞ്ചാവിനോടുള്ള തെറ്റായ സമീപനം കൊണ്ടാണിത്. ഈ തെറ്റുകള്‍ തിരുത്താനുള്ള സമയമാണിത്. കഞ്ചാവ് ഉപയോഗിച്ചതിന്റെ പേരിലോ കൈവശം വെച്ചതിന്റെ പേരിലോ മാത്രം ആരും ജയിലില്‍ കിടക്കേണ്ടതില്ല.

ചെറിയ തോതില്‍ കഞ്ചാവ് കൈവശം വച്ചതിന് ശിക്ഷയനുഭവിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ ഈ രാജ്യത്തുണ്ട്. അവര്‍ക്കൊക്കെ തൊഴില്‍, പാര്‍പ്പിടം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന അവകാശങ്ങളെല്ലാം നിഷേധിക്കപ്പെടാം. ഇതെല്ലാം ഒഴിവാക്കാനാണ് ഞാന്‍ ഇത്തരമൊരു തീരുമാനെടുത്തതെന്നും ബൈഡന്‍ പറഞ്ഞു.

അതേസമയം, കഞ്ചാവ് കടത്ത്, വില്‍പന, പ്രായപൂര്‍ത്തിയാകാത്തവരുടെ ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കഞ്ചാവ് കൈവശം വെച്ചതിന് ശിക്ഷിക്കപ്പെട്ട എല്ലാവരെയും വെറുതെ വിടണമെന്ന് സ്റ്റേറ്റ് ഗവര്‍ണര്‍മാരോട് പ്രസിഡന്റ് അഭ്യര്‍ഥിച്ചു.