ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇതോടെ സഭയിൽ അസാധാരണ സംഭവങ്ങൾ ഉണ്ടായി. നെതന്യാഹു വേദിയിലേക്ക് കയറിയപ്പോൾ കൂക്കിവിളിയുമുണ്ടായി. നിരവധി യുഎൻ പ്രതിനിധികൾ നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ ഇറങ്ങിപ്പോയി. ഗാസയിൽ യുദ്ധം അവസാനിച്ചിട്ടില്ലെന്ന് നെതന്യാഹു ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പറഞ്ഞു.
ഗാസയിലെ സാധാരണക്കാരെ ലക്ഷ്യംവെച്ചിട്ടില്ലെന്നും പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഭ്രാന്തമായ നീക്കമാണെന്നും നെതന്യാഹു പറഞ്ഞു. ഗാസയിലെ ജനങ്ങളെ ഇസ്രയേൽ മനപ്പൂർവം കൊടിയ പട്ടിണിയിലേക്ക് തളളിവിടുന്നുവെന്ന ആരോപണങ്ങളും നെതന്യാഹു നിഷേധിച്ചു. ആവശ്യത്തിന് ഭക്ഷണം എത്തിക്കുന്നുണ്ടെന്നും ഹമാസ് ഭക്ഷണവും അവശ്യസാധനങ്ങളും മോഷ്ടിച്ച് പൂഴ്ത്തിവയ്ക്കുകയും വിൽക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഗാസയിൽ പട്ടിണിയുണ്ടാവുന്നതെന്നും നെതന്യാഹു പറഞ്ഞു.
ഇസ്രയേൽ ജനത ബന്ദികൾക്കൊപ്പമാണ്. ഹമാസ് തടവിലാക്കിയ ബന്ദികളെ ഇസ്രയേൽ മറന്നിട്ടില്ല. ഹമാസ് ബന്ദികളെ മോചിപ്പിക്കണം. ആയുധങ്ങൾ താഴെവയ്ക്കണം. അതുവരെ ഇസ്രയേൽ തിരിച്ചടി തുടരും. പലസ്തീൻ അതോറിറ്റി ഹമാസിന് തുല്യമാണ് എന്നും നെതന്യാഹു പറഞ്ഞു.
Read more
ഇറാൻ ഇസ്രയേലിനും അമേരിക്കയ്ക്കും ഭീഷണിയാണെന്നും നെതന്യാഹു പറഞ്ഞു. ഇറാന്റെ സൈനിക ശേഷി തകർക്കാൻ ഇസ്രയേലിനും അമേരിക്കൻ സൈന്യത്തിനും സാധിച്ചെന്നും ട്രംപിന്റെ ധീരവും നിർണായകവുമായ നടപടിയാണെന്നും നെതന്യാഹു പൊതുസഭയിൽ പറഞ്ഞു.







