മസ്‌ക് അമേരിക്കന്‍ പ്രസിഡന്റാകും, ജര്‍മ്മനി- ഫ്രാന്‍സ് യുദ്ധം ഉണ്ടാകും; 2023 പ്രവചിച്ച് മുന്‍ റഷ്യന്‍ പ്രസിഡന്റ്

2023 ല്‍ സംഭവിക്കുന്ന കാര്യങ്ങളെപ്പറ്റി പ്രവചനവുമായി മുന്‍ റഷ്യന്‍ പ്രസിഡന്റും നിലവിലെ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ വിശ്വസ്തനുമായ ദിമിത്രി മെദ്വദേവ്. 2023 ല്‍ സംഭവിക്കുന്ന കാര്യങ്ങളെപ്പറ്റി ട്വിറ്റര്‍, ടെലഗ്രാം അക്കൗണ്ടുകളിലൂടെയാണ് മെദ്വദേവിന്റെ പ്രവചനം. 2023ല്‍ നടക്കാനിരിക്കുന്നതെന്ന് കാണിച്ച് 10 സംഭവങ്ങളാണ് മെദ്വദേവ് പങ്കുവെച്ചത്.

ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് അമേരിക്കയുടെ പ്രസിഡന്റാകുമെന്നും ജര്‍മനിയും ഫ്രാന്‍സും തമ്മില്‍ യുദ്ധമുണ്ടാകുമെന്നതുമാണ് മെദ്വദേവിന്റെ പ്രവചനങ്ങളില്‍ പ്രധാനപ്പെട്ടത്. അമേരിക്കയില്‍ ഒരു ആഭ്യന്തരയുദ്ധമുണ്ടാകുമെന്നും അതിനെ തുടര്‍ന്ന് ഇലോണ്‍ മസ്‌ക് അമേരിക്കയുടെ പ്രസിഡന്റ് പദവിയിലെത്തുമെന്നുമാണ് മെദ്വദേവിന്റെ പ്രവചനം.

ബ്രിട്ടന്‍ വീണ്ടും യുറോപ്യന്‍ യൂണിയനില്‍ ചേരുമെന്നും മെദ്വദേവ് പ്രവചിക്കുന്നു. യൂറോപ്യന്‍ യൂണിയന്റെ തകര്‍ച്ചയും പ്രവചനത്തിലുണ്ട്. വടക്കന്‍ അയര്‍ലന്‍ഡ് ബ്രിട്ടനില്‍ നിന്ന് വേര്‍പ്പെട്ട് റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്‍ഡില്‍ ചേരും. വലിയ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ അമേരിക്ക ഉപേക്ഷിക്കുമെന്നും ഏഷ്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നുള്‍പ്പെടെയാണ് മറ്റ് പ്രധാനപ്രവചനങ്ങള്‍.

2008 മുതല്‍ 2012 വരെ പുട്ടിന്‍ പ്രധാനമന്ത്രിയായിരിക്കെ റഷ്യയുടെ പ്രസിഡന്റായിരുന്നു മെദ്വദേവ്. 2020 മുതല്‍ ഇദ്ദേഹം റഷ്യയുടെ സുരക്ഷാ ഉപദേശക കൗണ്‍സിലിന്റെ ഉപമേധാവിയാണ്.